Wednesday, April 23, 2008

എന്‍റെ സ്വന്തം ഡാകിനിക്കുട്ടി


കുറേദിവസമായി അവള്‍ ( ഞങ്ങള്‍ സ്നേഹപൂര്‍വ്വം അവളെ ഡാകിനി യെന്നു വിളിക്കും) തുടങ്ങിയിട്ട്....

എടാ എനിക്ക് നല്ല കേരള സ്റ്റൈല്‍ ഊണു കഴിക്കണം…ഈ കന്നടഭക്ഷണം കഴിച്ചു കഴിച്ചു മടുത്തു….

വയസ്സ് പത്തിരുപത്തിനാലായെങ്കിലും ഒരു പത്തു വയസ്സുകാരിയുടെ പക്വത കാണിക്കുന്ന അവളിരുന്നു ചിണുങ്ങാന്‍ തുടങ്ങി…എടാ നീ വാടാ എന്‍റെ കൂടെ….ഞാന്‍ സമ്മതിച്ചു…റൂം മേററും…

തമിഴ് കുട്ടിയായിരുന്നെന്കിലും മലയാളീസിന്‍റെ ഒപ്പമുള്ള താമസം അവളെ ഒരു പാതി മലയാളിയാക്കി മാറ്റിയിരുന്നു….പക്ഷെ ആദ്യം കൂടെ വരാമെന്ന് പറഞ്ഞിരുന്ന അവള്‍ കാലുമാറി….

നിങ്ങള്‍ പോയിട്ട്‌ വാന്കോ…നാന്‍ കോവിലിക്ക് പോകണം…മുറിമലയാളത്തില് പറഞ്ഞൊപ്പിച്ചു അവള്‍ തടിതപ്പി…

ഡാകിനിയുടെ കൂടെ പോയാല്‍ നാണം കേട്ടതുതന്നെ….…യാതൊരു സ്ഥലകാലബോധവും ഇല്ല….മലബാര്‍ കോസ്റ്റ് ആയിരുന്നു ലക്ഷൃം ….ബാക്കിയുള്ള കേരള ഹോട്ടെലുകളെല്ലാം കേറിയിറങ്ങി കഴിഞ്ഞതാണ്…ഇനി ഈ സിറ്റിയില്‍ ഇതും കൂടിയേ ഉള്ളൂ ഡാകിനിയുടെ പാദമുദ്രകള്‍ പതിയാത്തതായിട്ട്….

തിരക്കുപിടിച്ച എയര്‍പോര്‍ട്ട് റോഡില്‍ കൂടി പോകുംപോളെ ഞാന്‍ പറഞ്ഞു..എന്‍റെ പൊന്നു ഡാകിനി നീ എന്നെ കൂടി നാററിക്കരുത്..ആക്രാന്തം കാണിച്ചു എല്ലാം കൂടി ഓര്‍ഡര്‍ ചെയ്തു വയ്കരുത്..നിനക്കു തിന്നാന്‍ പറ്റുന്നതുമാത്രം ഓര്‍ഡര്‍ ചെയ്യണം….

ഹും ശരി ഡാ….അവള്‍ടെ സമ്മതം…ആര്‍ക്കുവേണം അവള്‍ടെ സമ്മതം…

അവളെ എനിക്കല്ലേ അറിയു‌….അങ്ങനെ റെസ്റററന്‍റില്‍ എത്തി...അമ്മോ…എന്‍റെ കാര്യം കട്ടപ്പൊക….അവളാകെ നാററിയ്കും….അവിടെയുള്ളത്‌ മൊത്തം മലയാളീസ് ആണ്…വേറെ എവിടെ യാണെന്കിലും കുഴപ്പമില്ല…ഇതു നമ്മുടെ ആള്‍ക്കാരുടെ മുന്‍പില്‍ ഇവള്‍ നാണം കെടുത്തുമല്ലോ….വെയിറ്റര്‍ വന്നതേ തുടങ്ങി…ആദ്യം ഊണ് ഓര്‍ഡര്‍ ചെയ്തു…

ഓ!!!!!!! സമാധാനമായി..ഇവള്‍ നിര്‍ത്തിയോ…പിന്നെ കാത്തിരുപ്പായി…എടാ എനിക്ക് ചെമ്മീന്‍ പൊരിച്ചത് വേണം….നിനക്കു വേണോ?...അയ്യോ തുടങ്ങി..എനിക്ക് വേണ്ട….നീ കഴിച്ചോ..ഞാന്‍ അപകടം മണത്തു….
വെയിറ്റര്‍ വീണ്ടും വന്നു….ഒരു ചെമ്മീന്‍ ഫ്രൈ…പിന്നെ ഫിഷ്‌ ഫ്രൈ ഏതാ ഉള്ളത്….ങാ അത് പോരട്ടെ….പിന്നെ ഫിഷ്‌ കറി…

എടീ മീന്‍ കൊതിച്ചീ നിന്നെ ഞാന്‍…

ഇപ്പോള്‍ തന്നെ മേശ നിറഞ്ഞു കഴിഞ്ഞു ..ഇനി കൊണ്ടുവരുന്ന സാധനങ്ങള്‍ എവിടെ വയ്കുമോ ആവോ?...ഒന്നും കഴിയ്കാനല്ല കൊതി കൊണ്ടു പറയുന്നതാണെന്നു എനിക്കല്ലേ അറിയൂ….
ആവി പറക്കുന്ന കുത്തരിച്ചോറ് മുന്‍പില്‍…..കഴിക്കാന്‍ തുടങ്ങിയില്ല…വെയിറ്റ് ചെയ്തിരുപ്പാണ്..ഫിഷ്‌ ഫ്രൈ കിട്ടാന്‍….

അയ്യോ…അമ്മേ വീണ്ടും…
എടാ എനിക്ക് ഒരു ലൈം സോഡ വേണം…
നീ പറയു…............................................................................അല്ലെന്കില്‍ അവരെന്നാ ഓര്‍ക്കും..ഞാന്‍ ഒരു ആക്രാന്തക്കാരിയാണെന്നവരോര്ക്കില്ലേ..സുഹൃത്തിന്‌ വേണ്ടി ഞാന്‍ സമ്മതിച്ചു..ഓക്കേ..ഞാന്‍ പറയാം…എടീ രണ്ടെണ്ണം പറയണം…നിനക്കു വേണ്ടാന്നറിയാം…പക്ഷെ അത് ശരിയാവില്ല….ഞാന്‍ ഒറ്റയ്കെങ്ങനാ….അവള്‍ ചിണുങ്ങാന്‍ തുടങ്ങി..

എടാ എടാ പ്ലീസ്…ഹും…ശരി….

ചേട്ടാ രണ്ടു ലൈം സോഡ…അവര്‍ ഞെട്ടിപ്പോയെന്നു തോന്നുന്നു..

ഈര്‍ക്കിലി പോലുള്ള രണ്ടു പെണ്‍പിള്ളാര്…ഇവരിതെങ്ങനെ എല്ലാം കൂടി അകത്താക്കും….

നല്ല ചൂടുള്ളതുകൊണ്ടും ഉച്ചസമയമായതുകൊണ്ടും ലൈം സോഡ മുഴുവന്‍ കിട്ടിയപാടെ അകത്താക്കി….............അതും വലിയ ഒരു ഗ്ലാസ്സില്‍….........

ആഹാ…വരുന്നുണ്ട്…ഫിഷ്‌ ഫ്രൈ…ചെമ്മീന്‍ വരുത്ത്തത്…..ഡാകിനീ നിന്നെ ഞാന്‍……..

ഉള്ള വെള്ളം എല്ലാം കുടിച്ചതുകൊണ്ടോ എന്തോ ഒരുരുള ചോറുപോലും ഉണ്ണാന്‍ പറ്റണില്ല എനിക്ക്..അവള്‍ വെട്ടിവിഴുങ്ങുകയാണ്….കൂടെ ഉറക്കെ പറയുന്നുണ്ട്…എടാ മര്യാദയ്ക്ക് കഴിച്ചോണം മൊത്തം…അല്ലാതെ ഇവിടുന്നു ഇറങ്ങാന്‍ പറ്റില്ല….എന്റെ കണ്ണ് തള്ളി…അവള്ക്ക് വേണ്ടത് കഴിച്ചാല്‍ പോരെ..ഒന്നാമതു ഞാന്‍ വളരെ കുറച്ചു കഴിക്കുന്ന ആള്‍…ഇപ്പോളിതാ ഒരു മേശമേല്‍ നിറയെ ….

വെയിററര്‍മാര് കമന്ടടിക്കുന്നുന്ടെന്നു മനസ്സിലായി…ഈര്‍ക്കിലി പോലെയിരിക്കുന്നെന്കിലും ഇവളുമാര്‍ കൊള്ളാമെല്ലോ എന്നാവണം…അമ്മേ….നാണക്കേടാണ്..അങ്ങനെ വിടാന്‍ പറ്റുമോ…..ഞാന്‍ പറഞ്ഞു…എടാ ഡാകിനി…അങ്ങനെ വിട്ടാല്‍ പറ്റില്ല….നാണക്കേടാ….ഒരു സാധനം മിച്ചം വയ്ക്കരുത്,….മൊത്തം കഴിച്ചോണം….

പിന്നെ ഒരു അങ്കം വെട്ടായിരുന്നു….എന്നിട്ടും അവസാനം എനിക്ക് കുറെ മിച്ചം വയ്കേണ്ടി വന്നു….ഇനിയെന്തായാലും ഇവളുടെ കൂടെ ഹോട്ടലില്‍ വരുന്ന പരിപാടിയില്ലന്നുറപ്പിക്കുംപോളേയ്കും പിന്നെയും അവള്‍..

എടാ ഇവിടെ ഏത്തയ്ക്കാപ്പം ഉണ്ടാവുമോ?..

എന്റെ സകല കണ്‍ട്റോളും പോയി… മിണ്ടിപ്പോകരുത്…മര്യാദയ്ക്കിരുന്നോണം….ബില്ലും തീര്‍ത്ത് പുറത്തേയ്ക്ക് ഇറങ്ങിയപ്പോളാണ് കണ്ടത്…ഹോം ഡെലിവറി….എടാ ഇവര്‍ക്ക് ഹോം ഡെലിവറിയും ഉണ്ട്……

ഒരു മിനിററ്….എന്നെയും വലിച്ചോണ്ട് അവള്‍ മുകളിലേയ്ക്കോടി…എക്സ്കൂസ്മീ…സാര്‍….നിങ്ങള്ക്ക് ഹോം ഡെലിവറിയും ഉണ്ടല്ലേ….ആക്രാന്തം കണ്ടിട്ടോ അതോ എവിടുന്നു കുററീം പറിച്ചോണ്‍്ട് വന്നതാണോന്നു ഓര്‍ത്തിട്ടാവണം അവര്‍ അവരുടെ കാര്‍ഡ് എടുത്തു കൊടുത്തു…

തിരിച്ചു ഒരു തരത്തിലാണ് റുമിലെത്തിയത്….ഇപ്പോള്‍ വയര്‍ പൊട്ടും എന്ന അവസ്ഥയില്‍….പിന്നെ ഒരു ഉറക്കമായിരുന്ന..കുംഭകര്‍ണന്‍ പോലും ഇത്രയും ഗാഢമായി ഉറങ്ങിയിട്ടുണ്ടാവില്ല……ഡാകിനീടെ വിളികെട്ടാണ് പിന്നെ ഉണരുന്നത്…ഏഴര എട്ടായി കാണും...

എനിക്ക് വിശക്കുന്നു….നമുക്കു മലബാര്‍ കോസ്ററില്‍ പോയാലോ…

പിന്നെ എന്താണ് നടന്നതെന്ന് ഓര്‍മയില്ല..ഒറ്റ അലറ്ച്ചയായിരുന്നു ഞാന്‍…

ചുമ്മാ പറഞ്ഞതാടാ നിന്‍റെ ദേഷ്യം കാണാന്‍…..പാവം ഡാകിനി….

Monday, April 21, 2008

എന്റെ സുഹൃത്ത്

ചെറുപ്പത്തില്‍ നടന്ന ഒരു സംഭവം ആണ്...ഇപ്പോഴും പക്ഷെ ഇടക്കിടെ ഓര്‍മയില്‍ വരുന്ന ചില മുഖങ്ങള്‍....അതാണ് എന്നെ ഇതെഴുതാന്‍ പ്രേരിപ്പിച്ചത്..

നല്ല ഒരു സുഹൃത്തായിരുന്നു അവള്‍...എന്തോ എന്നോട് വലിയ സ്നേഹം ആയിരുന്നു...വീട്ടിലും പല തവണ വന്നിട്ടുണ്ട്...കുറെ നാളായി അവള്‍ വിളിക്കുന്നു...അവളുടെ വീട്ടിലേയ്ക്.... ഒരുപാടു ദൂരം നടക്കണമത്രേ. അത് കേട്ടതെ ഞാന്‍ പറഞ്ഞു...പറ്റില്ല..പക്ഷെ അവള്‍ വിട്ടില്ല...ഒരു ദിവസം വന്നേ പറ്റൂ...

എന്തിനാണാവോ? ..ഒരുപാടു നിര്‍ബന്ധിച്ചു.. എന്തൊരു കഷ്ടമാ ഇത്.. അവരുടെ പ്രിയപ്പെട്ട ടീച്ചര്‍ടെ മക്കളെ അവള്‍ടെ അമ്മയ്ക് കാണണമത്രേ...ഓകെ ..സമ്മതിച്ചു...പക്ഷെ എങ്ങനെ പോകും...

വീട്ടില്‍ നിന്നും അനുവാദം കിട്ടില്ല....അവള്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായില്ല.. അങ്ങനെ അച്ഛനേയും വീട്ടില്‍ സഹായത്തിനു നിന്നിരുന്ന ചേച്ചിയേയും ചേട്ടനെയും പറ്റിച്ചു പോകാന്‍ തന്നെ തീരുമാനിച്ചു...

അനിയന്‍ പഠിക്കുന്ന നെഴ്സറിയില്‍ ചെന്നു അവനെയും കൂട്ടി...ടീച്ചര്ടെ അടുത്ത് നുണ പറഞ്ഞാണ് അവനെ കൂട്ടുന്നത്‌...അച്ഛന്‍ ദൂരെ ഒരു സ്ഥലത്തു പോയതാനത്രേ...അതുവരെ ആ കുട്ടിയുടെ വീട്ടില്‍ ഇരുന്നുകൊളളാന്‍ പറഞ്ഞത്രേ.. എന്തൊരു നുണ ..ഇങ്ങനെയും ആ പ്രായത്തില്‍ പറയുമല്ലോ !!..അങ്ങനെ അനിയനേയും കൂടി നടക്കാന്‍ തുടങ്ങി....

അപ്പാ എന്തൊരു ദൂരം...മടുത്തു തുടങ്ങി..ഓരോ വളവെത്തുംപോളും ചോദിക്കും..ഇതാണോ വീട്...ഇതാണൊ വീട് ...ഏതാണ്ടൊരു ഒരുമണിക്കൂര്‍ നടന്നുകാണണം ... അവളുടെ വീടെത്തി...
ചെറുതെങ്കിലും നല്ല അടുക്കും ചിട്ടയും ഉള്ള വീട്..അവളുടെ അമ്മ ഞങ്ങളെ പ്രതീക്ഷിച്ചെന്ന വണ്ണം വാതില്‍ക്കല്‍ തന്നെ നില്‍പ്പുണ്ടായിരുന്നു...നല്ല സ്നേഹമുള്ള സുന്ദരിയായ അമ്മ ....എന്തെന്നറിയില്ല ഞങ്ങളോട് ഒരുപാടു വര്ത്തമാനം പറഞ്ഞു...പലഹാരങ്ങള്‍ തന്നു...വല്ലാത്ത ഒരു സ്നേഹം ...അതിശയിച്ചു പോയി....ഇന്നും അറിയില്ല അവരെന്തിനാണ് അത്രയും സ്നേഹം കാണിച്ചതെന്ന്..ഒരു പക്ഷെ അമ്മ പഠിപ്പിച്ചിട്ടുള്ളതിനാലാവാം...അമ്മയെ അവിടെ എല്ലാവര്ക്കും ഭയങ്കര ഇഷ്ടമായിരുന്നല്ലോ?



കുറെ കഴിഞ്ഞു തിരിച്ചുപോകാന്‍ തുടങ്ങുമ്പോള്‍ അതാ ഒരു പടആളുകള്‍...അതാണ് രസം...മുന്‍പില്‍ അച്ഛന്‍..പുറകെ വീട്ടില്‍ നില്ക്കുന്ന ചേട്ടന്മാര്‍..പിന്നെ കുറെ നാട്ടുകാരും..സ്കൂള്‍ വിട്ടിട്ടും വീട്ടിലെത്താത്തതിനാല്‍ അന്വേഷിച്ചുവന്നതാണ്...പിള്ളാര്‍ ഈ വഴിയേ പോയിരുന്നെന്നു ആരോ പറഞ്ഞ അറിവ് വെച്ചു തേടിയിറങ്ങിയതാണ്...എന്തായാലും കണ്ടു കിട്ടി..പിന്നെ രണ്ടെണ്ണത്തിനേയും കുറെ ചീത്തയും പറഞ്ഞു തോളില്‍ കയറ്റിയിരുത്ത്തിയായി മടക്കയാത്ര....
വഴിയില്‍ കണ്ടവരെല്ലാം നടന്നകാര്യം അറിഞ്ഞതിലായിരുന്നു സങ്കടം..പിള്ളാര്‍ വീട്ടില്‍ ചോദിയ്ക്കാതെ പോയത് കണ്ടില്ലേ..അതുങ്ങളുടെ ഒരു ധൈരൃം...എല്ലാവരും പറയുന്നതിത് തന്നെ...വീട്ടിലെത്തിയതും കിട്ടി ചൂരല്‍ കഷായം....

പിറ്റേന്നു വൈകിട്ട് പാല്ക്കാരന്‍ പറഞ്ഞാണ് അറിഞ്ഞത് ആ കുട്ടിയുടെ അമ്മ മരിച്ചത്രേ.. ആത്മഹത്യ ....അമ്മേ സത്യത്തില്‍ ഞാന്‍ കരഞ്ഞുപോയി...ഇന്നലെ കണ്ട ആ അമ്മ..അവളുടെ സ്നേഹമുള്ള അമ്മ....
എന്തിന്....ഇന്നലെ അവള്ക്ക് എന്ത് സന്തോഷമായിരുന്നു....അല്ലെങ്കിലും അമ്മയുടെ കാര്യം പറയുംപോളെല്ലാം അവള്‍ക്കു നൂറു നാവായിരുന്നു....പിന്നീട് ഒരുപാടു ദിവസം കഴിഞ്ഞാണ് അവള്‍ ക്ലാസ്സില്‍ വന്നത് ...അന്നെന്റെ അടുത്തിരുന്നു ഒരുപാടു കരഞ്ഞു...അവള്‍ടെ അച്ഛന്‍ കാരണമാണത്രേ....പിന്നെ അറിഞ്ഞു അവള്‍ടെ അച്ഛനെ പോലീസ് പിടിച്ചെന്നും പിന്നീട് വെറുതെ വിട്ടെന്നും ....ഒരുപാടു പാവമായിരുന്നു അവള്‍....പിന്നീടാരോ പറഞ്ഞു എല്ലാം വെറും തെറ്റിധാരനയാണ്...അയാള്‍ ഒരു പാവം മനുഷ്യനാണ്...ആ അമ്മയ്ക് മാനസികരോഗം ഉണ്ടായിരുന്നെന്ന്...ഭഗവാനെ ഇതായിരുന്നോ സത്യം...

പിന്നീട് അവള്‍ ആ സ്കൂളില്‍ നിന്നും പോയി.....ഒരുപാടു നാളുകള്‍ക്കു ശേഷം അപ്രതീക്ഷിതമായി ഞാന്‍ അവളെ കണ്ടു....കഴിഞ്ഞ ആഴ്ച... ...എന്നെ കണ്ടതെ അവള്‍ക്കു മനസ്സിലായി....പക്ഷെ മനസ്സിലാവാതെ അന്തം വിട്ടു നിന്നു പോയി ഞാന്‍...ഒരുപാടു പോക്കമൊക്കെ വച്ചു ഒരു സുന്ദരിക്കുട്ടി........അപ്പോളവള്‍ വാ തോരാതെ സംസാരിച്ചു..അച്ചനെക്കുറിച്ച്...അനുഭവിച്ച വേദനകളെ കുറിച്ചു...എല്ലാവരും കുററപ്പെടുത്തിയിട്ടും മക്കള്‍ക്ക്‌ വേണ്ടി എല്ലാം സഹിച്ചു കഷ്ടപ്പെട്ട ആ നല്ല അച്ഛനെ കുറിച്ചു അവള്‍ക്കെന്തു അഭിമാനമാണ്...

Sunday, April 20, 2008

കുറുക്കന്‍




ഒരു വലിയ പറമ്പിന്‍റെ നടുവിലായിരുന്നു അമ്മയുടെ തറവാട്. ഒരുപാടു വലിയ വൃക്ഷങ്ങളുള്ള പറമ്പ്‌.

ഓറഞ്ചുമരങ്ങളും  ഞാവലും കുന്തിരിക്കം അങ്ങനെ പല പല വലിയ ഫലവൃക്ഷാദികൾ.



കിഴക്കുവശത്തു കുറെ മാറി  ഒരു വലിയ എസ്റ്റേറ്റ് ഉണ്ടായിരുന്നു. പത്തേക്കർ എന്നായിരുന്നു അതറിയപ്പെട്ടിരുന്നത്. 

ഒരു തമിഴന്‍റേതായിരുന്നു ആ വലിയ എസ്റ്റേറ്റ്. ഇടയ്ക്കിടെ ഉടമസ്ഥരുടെ മക്കളും ബന്ധുക്കളും വരുമ്പോൾ, വീട്ടിലും വന്നിരുന്നു. കുറെ മസാലക്കൂട്ടുകളും രസപ്പൊടിയും ഒക്കെയായിട്ടായിരുന്നു അവരുടെ വരവ്. ഒരു ഗോപാലനണ്ണാച്ചിയെ ഞാൻ ഇപ്പോളും ഓർക്കുന്നു.  അങ്ങനെയാണ് ആദ്യമായി പലവിധം രസപ്പൊടികളെ പറ്റിയൊക്കെ അറിവ് കിട്ടിയത്. തമിഴ് സിനിമകളിൽ കാണും പോലെ ഹാഫ് സാരിയൊക്കെ ഉടുത്തു തലയിൽ നിറയെ മുല്ലപ്പൂ ചൂടിയ നല്ല സുന്ദരി തമിഴ് പെൺകൊടികൾ

ഒരു പാട് വലിയ വൃക്ഷങ്ങൾ ഉണ്ടായിരുന്നു ആ വലിയ എസ്റ്റേറ്റിൽ. 

ജംഗിൾബുക്കിലൊക്കെ കാണുന്നപോലെ വലിയ വള്ളികൾ ഒക്കെയുള്ള മരങ്ങൾ. 


ഞങ്ങൾ കുട്ടികൾ മുതിർന്നവരുടെ കണ്ണ് വെട്ടിച്ചു അവിടെ പോയി ആ വലിയ വള്ളികളിൽ തൂങ്ങിയാടുമായിരുന്നു. 

കൂടാതെ , സാറ്റ് എന്നറിയപ്പെട്ടിരുന്ന ഒളിച്ചുകളിയ്കും ഞങ്ങളുടെ പ്രിയപ്പെട്ട സ്ഥലം ഈ കാട് പിടിച്ചു കിടന്നിരുന്ന പത്തേക്കർ ആയിരുന്നു.
ഒരുപക്ഷെ  അധികമാർക്കും കിട്ടാത്ത ചില അവസരങ്ങൾ, ചില Nostalgic Moments.

മുള്ളുള്ള വലിയ പഞ്ഞിമരങ്ങളും, കുറെയധികം ഓറഞ്ചുമരങ്ങളും ഞാവലും...
കൂടാതെ കോട്ടിലുങ്ക എന്നവിടെ അറിയപ്പെട്ടിരുന്ന ബദാo പോലെയുള്ള ഒരു കായുണ്ടാകുന്ന മരങ്ങൾ. 
ഈ കായുടെ കട്ടിയുള്ള പുറന്തോട് പൊട്ടിച്ചു അകത്തെ വിത്ത് കഴിക്കാൻ നല്ല രുചിയായിരുന്നു.  (I think it was a wild variety of almond).

ഇടയ്ക്കിടെ അരുവികളും നീർച്ചാലുകളും. അതിമനോഹരമായ, ഭൂപ്രകൃതിയുള്ള  ഒരു സ്ഥലം 

ഇടയ്ക്കിടെ, ഈ വലിയ ഏലത്തോട്ടത്തിൽ,  തമിഴർ പണിയെടുക്കുന്നതും ഏലക്ക വിളവെടുക്കുന്നതും കാണാം. 

ആ പരിസരത്തുള്ള നാല്കാലികൾ ഉള്ള മിക്ക ആൾക്കാരും പുല്ലുപറിക്കാൻ പോയിരുന്നത് അവിടെയാണ്. ഇടയ്ക്കിടെ തലയിൽ വലിയപുല്ലുകെട്ടുകളുമായി നിരയായി പോകുന്ന കുറെയധികം ചേച്ചിമാർ. 

അവധി ആഘോഷിക്കുവാൻ എത്തുന്ന ഞങ്ങൾ കുട്ടികൾക്ക് ഇതൊക്കെ  വലിയ കൗതുകമായിരുന്നു
ഇന്നതില്ല...എല്ലാം പലർക്കായി വിറ്റുപോയിരിക്കുന്നു. 



മിക്ക ദിവസങ്ങളിലും രാത്രിയാവുമ്പോള്‍ അവിടെനിന്നും കുറുക്കന്‍റെ ഓരിയിടല്‍ കേള്‍ക്കാം.

അതിന്‍റെ ബാക്കിയെന്നവണ്ണം കോഴിക്കൂട്ടില്‍ നിന്നും കോഴികളുടെ ദീനരോദനവും..... 


പണ്ട്‌ മഹാ പെടിത്തൊണ്ടിയായിരുന്ന താനപ്പോള്‍ കുഞ്ഞമ്മയെ മുറുകെപ്പിടിച്ച്‌ കിടക്കുന്നുണ്ടാവും.



കുറെയധികം കോഴികൾ ഉണ്ടായിരുന്നു വീട്ടിൽ. പലതരം, ഓരോന്നിനെയും ഓരോരുത്തർ ഓമനിച്ചു വളർത്തുന്നവ. 

കോഴിക്കൂട്ടില്‍, ദിനംപ്രതി കോഴികളുടെ എണ്ണം കുറഞ്ഞുകൊന്ടേയിരുന്നു.
ഓരോരുത്തരുടെയും പ്രിയപ്പെട്ടവര്‍ നഷ്ടപ്പെട്ടുകൊണ്ടിരുന്നു .

പക്ഷെ എനിക്ക് സങ്കടം ഒന്നും തോന്നിയില്ല. കാരണം പണ്ടു മഹാ കുറുമ്പിയായിരുന്ന തനിക്ക് കോഴികളെ കണ്ടുകൂടായിരുന്നു .


അങ്ങനെ നല്ല തണുപ്പുള്ള ഒരു രാത്രി, കറന്‍റും ഇല്ലായിരുന്നു.

നേരത്തെ പുതച്ചുമൂടി ഉറങ്ങിയ ഞാൻ പിന്നെ ഉണരുന്നത് കോഴികളുടെ കരച്ചില്‍ കേട്ടുകൊണ്ടാണ്‌. 

കുട്ടിമാമാ ഞാൻ ഞെട്ടി മാമ എന്ന് പറഞ്ഞപോലെ, ഞെട്ടി  ഉണർന്ന കുഞ്ഞമ്മ അതാ ചാടി എണീക്കുന്നു 

മഹാ പേടിത്തൊണ്ടിയായിരുന്ന ഞാന്‍ വിടുമോ? 

പുതപ്പു സഹിതം ചാടി കുഞ്ഞമ്മയുടെ പുറത്തുകയറി.

പാവം വിടുവിപ്പിക്കാന്‍ കുറെ ശ്രമിച്ചു. ഞാന്‍ വിടുമോ? അളളിപ്പിടിച്ചിരിപ്പാണ്.

ഇവളെ വിടീപ്പിക്കാന്‍ പറ്റില്ലന്നു മനസ്സിലായിട്ടാവണം പാവം എന്നെയും കൊണ്ടു ഓടാന്‍ തുടങ്ങി.


ഇടനാഴിയും പത്തായപ്പുരയും ഇരുട്ടുമുറിയും കടന്നു പുറത്തെയ്ക്.

ഇരുട്ടുമുറി എന്നറിയപ്പെടുന്ന കലവറയുടെ വാതില്‍ തുറന്നാല്‍ കോഴിക്കൂടിരിക്കുന്ന സ്ഥലമായി. എന്താണെന്നറിയില്ല. ആ മുറിയിൽ എപ്പോളും ഇരുട്ടായിരുന്നു. 


ഞങ്ങൾ കുട്ടികൾക്ക് എന്തോ ഒരു പേടിയായിരുന്നു ആ റൂമിൽ കയറുവാൻ. (വളരെ ചെറുപ്പത്തിൽ, ഒരു അവധിക്കാലത്ത്, അക്ഷരം പഠിപ്പിക്കാൻ വന്ന ആശാനേ പേടിച്ചു ആ റൂമിൽ കയറി ഒളിച്ചിട്ടുണ്ട് ഞാൻ. വാതിൽ വലിച്ചടച്ചു ചെറുവിരൽ മുറിഞ്ഞതും ഒരു സുഖമുള്ള ഓർമയാണ് :).


ഇത്രയും ദൂരം എന്നെ പുറത്തേറ്റി ഓടിയിട്ടും ഞാൻ പിടി വിടുന്നില്ല, വിടാതെ പിടിച്ച്ചിരിക്കുകയാണ്...


അവിടെ ചെന്നപ്പോള്‍ ഉത്സവപറമ്പുപോലെ ഒരാള്‍ക്കൂട്ടം.
അമ്മാവന്‍മാരും കസിന്‍സും എല്ലാവരും ഉണ്ട്.
എല്ലാവരുടെയും കൈകളില്‍ വലിയ വടികളും...

ചത്തുകിടക്കുന്ന കുറുക്കനെ പ്രതീക്ഷിച്ച എനിക്ക് വലിയ നിരാശ തോന്നി.

എന്നെയും വഹിച്ചു കുഞ്ഞമ്മ  അന്തം വിട്ടു നില്‍ക്കുകയാണ്‌.ആടു കിടന്നിടത്ത്‌ പൂട പോലും ഇല്ല.



ബഹളം കേട്ട കുറുക്കന്‍ എപ്പോളേ സ്ഥലം കാലിയാക്കി. 
കുഞ്ഞമ്മയുടെ പ്രിയപ്പെട്ട കോഴിയേയും അവന്‍ കൂട്ടിനു കൊണ്ടുപോയത്രേ ..
പിന്നെ കൂട്ടച്ചിരിയായിരുന്നു.
കാരണം മറ്റൊന്നുമല്ല.
വലിയ കമ്പിളിപുതപ്പ് സഹിതം കുഞ്ഞമ്മയുടെ പുറത്തു താന്‍.

Saturday, April 19, 2008

ഇങ്ങനേയും ചിലര്‍

വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്..കൃത്യമായി പറഞ്ഞാല്‍ പ്രീഡിഗ്രി കാലഘട്ടത്തില്‍ ...വളരെ മനോഹരമായിട്ടുള്ള ക്യാമ്പസ്.....ശാന്തത നിറഞ്ഞു നില്ക്കുന്ന അന്തരീക്ഷം .എന്നും വൈകിട്ടത്തെ നടക്കാന്‍ പോകലുകള്‍...കോട്ടയം നഗരത്തില്‍ നിന്നും കുറച്ചുമാറി സ്ഥിതിചെയ്യുന്ന ആ കോളേജില്‍ ചേര്‍ന്നതുതന്നെ അവിടുത്തെ ശാന്തസുന്ദരമായ അന്തരീക്ഷം കണ്ടിട്ടായിരുന്നു.. ആപ്ലിക്കേഷന്‍ പോലും അയച്ചിരുന്നില്ല..മധ്യകേരളത്തിലെ വളരെ പ്രശസ്തമായ കോളേജില്‍ ഇന്‍റര്‍വ്യൂനു പോകുന്ന വഴിയാണ് എന്‍റെ നിര്‍ബന്ധം സഹിക്കാന്‍ വയ്യാതെ അവിടെ പോകുന്നത്..കാരണം മറ്റൊന്നുമല്ലായിരുന്നു...എന്‍റെ സുഹൃത്തിന് അവിടെയെ അഡ്മിഷന്‍ കിട്ടിയുളളൂ...ഒരുമിച്ചു പോകാന്‍ പ്ലാന്‍ ചെയ്തിരുന്ന ഞങ്ങള്‍ക്കു അതൊരു അടിയായി..ആദ്യമായി വീട്ടില്‍ നിന്നു ഒറ്റയ്ക്ക് മാറി നില്‍ക്കാന്‍ ഒരു മടിയും...അവള്‍ക്കും അങ്ങനെ തന്നെ...പക്ഷെ അവള്‍ക്കു എനിക്ക് അഡ്മിഷന്‍ കിട്ടിയിടത്ത് കിട്ടിയില്ല താനും...അങ്ങനെ ഞാന്‍ എന്‍റെ തീരുമാനം മാറ്റി...... അങ്ങനെ ഒരുപാടു ബുദ്ധിമുട്ടിയെങ്കിലും എന്‍റെ നിര്‍ബന്ധ ബുദ്ധി വിജയിച്ചു. അങ്ങനെ ശാന്തസുന്ദരമായ ആ സ്ഥലത്ത് ഞങ്ങളുടെ വിഹാരം ആരംഭിച്ചു...വിചാരിച്ചത്ര രസം ഒന്നും ഉണ്ടായിരുന്നില്ല... വളരെ കര്‍ശനക്കാരായിരുന്ന ആയിരുന്ന ദൈവത്തിന്‍റെ മാലാഖമാര്‍ ....എന്നിരുന്നാലും അവിടുത്തെ പ്രകൃതി ഭംഗിയില്‍ ഞങ്ങള്‍ എല്ലാം മറന്നു ...ഹോസ്റ്റലിന്‍റെ ഒരു മതില്കെട്ടിന്‍റെ അപ്പുറത്ത് ഒരു മലയാണ്...അവിടെ താമസിച്ചിരുന്നത് വേറൊരു വിഭാഗം ജനങ്ങള്‍ ആയിരുന്നു...ഒരു തരത്തില്‍ പറഞ്ഞാല്‍ ആദിവാസികള്‍...ആ വാക്കു ഉപയോഗിക്കരുതെന്നു കരുതിയതാണ്...പക്ഷെ അല്ലാതെ ആര്‍ക്കും മനസ്സിലാവില്ല....ശരിക്കും പരിഷ്കാരം കുറഞ്ഞ ജനവിഭാഗം.. കോളേജില്‍ നിന്നും എന്‍ എസ് എസ് ന്‍റെ വകയായി പല പ്രവര്‍ത്തികള്‍ക്കും അവിടെ പോകാറുണ്ടായിരുന്നു... സന്ധ്യയാകുമ്പോള്‍ അവരില്‍ പലരുടെയും തലകള്‍ മതിലിന്റെ അപ്പുറത്ത് ഉയരും.. അല്ല എന്തിന് അവരെ കുറ്റം പറയുന്നു...പച്ച പരിഷ്കാരികള്‍ അതിലും മോശമായി പെരുമാറുന്നില്ലേ...ഇവര്‍ വെറും ആദിവാസികള്‍.. അവരെ എങ്ങനെ കുറ്റം പറയാനാവും... കാരണം പച്ചപരിഷ്കാരികള്‍ പറയുന്നതരം കമന്‍റുകള്‍ ഒന്നും അവര്‍ പറയുന്നത് കേട്ടില്ല..

ചൂഷണം ചെയ്യാനും ഉണ്ട് കുറേപ്പേര്‍.. വിധിക്കുന്നതല്ലേ ......അതവര്‍ക്ക് പരിഷ്കാരികള്‍ ഒരുപറ്റം...നമ്മളെപ്പോലുള്ളവര്‍ ... പറയാനാവുമോ വിധിയെന്നതിനെ....എന്തായാലും ഒരുപാടു മാറ്റം വന്നിരിക്കുന്നു…അവരുടെ ആവശ്യങ്ങളെപറ്റി അവര്‍ക്ക് കുറെയൊക്കെ ബോധം വന്നു തുടങ്ങിയിരിക്കുന്നു…

പിന്നീടൊരുദിവസം…ഹൃദയം ഭേദിപ്പിക്കുന്ന ഒരു കാഴ്ച….ഉച്ചമയക്കത്ത്തിനു ശേഷം ജനാല തുറന്നു വെറുതെ റബര്‍തോട്ടത്തിലേയ്ക്ക് നോക്കിയിരിക്കുകയായിരുന്നു….മഴവരാനാണെന്ന് തോന്നുന്നു….നല്ല കാറ്റും …. കാറ്റത്ത് വീഴുന്ന റബര്ച്ചുള്ളികള്‍ പെറുക്കാന്‍ ഓടിയെത്തുന്ന കോളനിയിലെ പെണ്ണുങ്ങളും കുട്ടികളും..അവരുടെ ഇടയില്‍ എന്തൊരു സന്തോഷമാണ് …ചുള്ളികള്‍പെറുക്കുംപോളും ആഹ്ലാടമാണ്..നമ്മളൊന്നും ജന്മം ആഗ്രഹിച്ച്ചാലും കിട്ടാത്ത അവരുടെ ആനന്ദം…അപ്പോളാണ് അവരെല്ലാം ഒച്ച വെയ്ക്കുന്നത് കേട്ടത്….ആരെയോ ഓടിക്ക്കയാണ്…..അതെ ഒരു ബാലന്‍ പതിമൂന്ന് -പതിനാലു വയസ്സ് പ്രായം വരും ..കീറിപ്പറിഞ്ഞ വേഷവുമിട്ടു..അപ്പോലെയ്ക്കും മഴ ശക്തമായിക്കഴിഞ്ഞിരുന്നു…..ആ കുട്ടി അവിടെതന്നെ..അവന്‍ ഒരു പൊട്ടിപൊളിഞ്ഞ ചെറിയ ടാന്കില്‍നിന്നും ചീഞ്ഞ കരികിലകളും വെള്ളവും വാരി വായിലേയ്ക്ക് …ഞാന്‍ മുഖം തിരിച്ചു…ഇതൊക്കെ കാണാന്‍ വയ്യ ഭഗവാനെ….പാവം വിശന്നിട്ടാവുമെന്നു കരുതി….അപ്പുറത്തെ റൂമിലെ മുതിര്‍ന്ന ചേച്ചിമാരാരോ ബ്രഡ് ഇട്ടു കൊടുത്തു..അവന്‍ അതും ആ വെള്ളത്തില്‍ മുക്കുകയാണ്…..അപ്പോലെയ്ക്കും താഴെ ജോലിക്കാരാരോ അവനെ അവിടെനിന്നും ഓടിച്ചു….പിന്നെ ശാസന ഞങ്ങള്‍ക്കായി…മര്യാദയ്ക്ക് ജനാല അടച്ചിട് പിള്ളാരെ..മഴയും പിടിച്ചു തുറന്നിട്ടോളും…….ഞാന്‍ പതുക്കെ ജനാല ചാരി…..ശക്തമായ മഴയും ഇടിയും…
അവധി ദിനമായതിനാലും ഉറങ്ങാന്‍ നല്ല സുഖമുള്ള കാലാവസ്തയായതിനാലും ഞാന്‍ വീണ്ടും പുതപ്പിനുള്ളിലെയ്ക്ക് ചുരുണ്ടുകൂടി ...മാലാഖമാര്‍ റൂം ചെക്ക് ചെയ്യാന്‍ വരരുതേ എന്ന പ്രാര്‍ത്ഥനയോടുകൂടി...കാരണം പകലുറങ്ങാന്‍ പാടില്ല ...ഹോസ്റ്റല്‍ നിയമത്തിലൊന്ന്.....

Thursday, April 17, 2008

Wednesday, April 16, 2008

ദൃഷ്ടി







ആകാശത്ത് ഒരുപാടു പക്ഷികളെ കണ്ടു...അവ എന്നോട് ചോദിച്ചു...എന്തെ ഇങ്ങനെ സൂക്ഷിച്ചു നോക്കുന്നത്? ഞങ്ങള്‍ക്ക് അത്രയ്ക്ക് ഭംഗിയുണ്ടോ?
ഞാന്‍ പറഞ്ഞു....പിന്നില്ലേ ...ഈ പ്രകൃതിയില്‍‍ ഏററവും മനോഹാരിത ആകാശത്തിനും പറവകള്‍ക്കും പിന്നെ ആകപ്പാടെ പ്രകൃതിയ്കും തന്നെയല്ലേ?
ഒന്നാലോചിച്ചു നോക്കൂ..
സൂക്ഷ്മ ദൃഷ്ടിയില്‍ ഈ പ്രപഞ്ചത്തിലെ ഒരു മണ്‍ തരിക്കുപോലും അതിന്റേതായ ഭംഗിയില്ലേ?
ആ കണ്ണുകളിലൂടെ നോക്കണമെന്ന് മാത്രം.....
നമ്മുടെ കണ്ണുകള്‍ ...ദൃഷ്ടി ..അതാണ് പ്രധാനം

വസന്തം

വര്‍ണമഴയാണെങ്ങും..................
വസന്തത്തെ......എന്തെ ഇങ്ങനെയാണോ വരവേല്‍ക്കുക ...
എന്തിന് ചിന്തിക്കുന്നു..വേണം...
എല്ലാം ഒരു ആഘോഷമാക്കണം...
ലൌകിക ജീവിതത്തില്‍ എല്ലാം അല്പായുസ്സാണ്.....
എന്തിന് വ്യസനിച്ചും ദുഃഖം ഭാവിച്ചും
പാഴാക്കുന്നു....
ആഘോഷിക്കുക......സന്തോഷിക്കുക...
ഏതു ദുഃഖത്തിലും മനസ്സമാദാനവും ആശ്വാസവും കണ്ടെത്തുവാന്‍ ശ്രമിക്കുക..

Sunday, April 13, 2008

പുതുമഴയും എന്റെ പനിനീര്‍പ്പൂവും


പുതുമഴ.....................മണ്ണിന്റെ ഊഷ്മളമായ ഗന്ധം എന്റെ മനസ്സിലും ഉന്മേഷം പരത്തി ....എന്തെന്നില്ലാത്ത ആഹ്ളാദവും....വേനലില്‍ തളര്‍ന്നു നിന്നിരുന്ന തളിരുകള്‍ പുഞ്ചിരിയോടെ എണീറ്റു നില്ക്കുന്നു....പക്ഷെ മനസില്‍ ഒരു ആശങ്ക ..

വിടര്‍ന്നു നില്ക്കുന്ന എന്റെ പനിനീര്‍പ്പൂക്കള്‍ ...........ഇതളുകള്‍ അടര്‍ന്നു പോകുമോ ആവോ? ഹേയ് എന്താ ഇതു....എന്തിരുന്നാലും ഈ പുതുമഴ ..അതെനിക്കു ഒരുപാട് ഇഷ്ടമാണ് ...

പൂമ്പാറ്റ



അരളിച്ച്ചെടിയുടെ ഇലയുടെ അടിയില്‍ എന്തോ തൂങ്ങി കിടക്കുന്നത് കണ്ടാണ് അടുത്തുചെന്നു നോക്കിയത്‌ ...പണ്ടെങ്ങോ സ്കൂളില്‍ പഠിച്ച കവിത ഓര്‍മ വന്നു .
അരളിചെടിയുടെ ഇലതന്നടിയില്‍...
അരുമ കിങ്ങിണി പോലെ...
എത്ര മനോഹരമായിരിക്കുന്നു.. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ചിത്രശലഭതിന്റെ കൊക്കൂണ്‍ കാണുന്നത് ......കവിതയില്‍ വര്നിച്ച്ചത് പോലെ......ഒരു ഇലയുടെ അടിയില്‍ വെള്ളിനിരത്ത്തില്‍ തൂങ്ങിക്കിടക്കുന്നു.. ദിവസങ്ങള്‍ മാത്രം ആയുസ്സുല്ല ഒരു പറപ്പയുടെ ജീവിതചക്രത്ത്തിലെ ഒരു ഭാഗം ....
മുട്ടയായി .... പിന്നെ... പുഴു ....കൊക്കൂണ്‍.. അങ്ങനെ അങ്ങനെ ....അവസാനം പുറത്ത് വരുമ്പോള്‍ അതിമനോഹരമായി....പൂമ്പാറ്റയായി.....


വിഷു ആശംസകള്‍

എല്ലാ നല്ല സുഹൃത്തുക്കള്‍ക്കും നന്മയുടെ ഒരു നല്ല വര്ഷം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു .............സുവര്‍ണനിരത്തിന്റെ പളപളപ്പുമായി കൊന്നപ്പൂക്കള്‍..
ഒരായിരം ആശംസകള്‍

Saturday, April 12, 2008

സന്ധ്യ

അങ്ങകലെ അമ്പലത്തില്‍ നിന്നും സന്ധ്യാകീര്ത്ത്തനങ്ങള്‍ , എന്റെ കാതുകളില്‍ .......തീര്‍ത്തും ശാന്തതയോടെ വന്നു പതിക്കുന്നു.. മനസ്സും ശാന്തം.. മഴ പെയ്യാന്‍ ഒരുങ്ങുകയാനെന്നുതോന്നുന്നു ...........അങ്ങകലെ നിന്നും കാര്‍മേഘങ്ങള്‍ പാഞ്ഞുവരുന്നുണ്ട്...ചീവീടുകള്‍ ചിലക്കുന്നു ...ഞാന്‍ ആകാശതെയ്ക് നോക്കി ......അര്‍ദ്ധ വൃത്താകൃതിയില്‍ ചന്ദ്രന്‍ നിന്നു ചിരിക്കുന്നു.. അടുത്തുള്ള നക്ഷത്രമാവട്ടെ കണ്ണ് ചിമ്മി കാണിക്കുകയാണ്.. ഓഹ് ...കാര്‍മേഘം ഇപ്പോള്‍ അവരെ മറയ്കും ....
ഇളംകാറ്റില്‍ കൊന്നയുടെ ശിഖരങ്ങള്‍ നൃത്തം വയ്ക്കുന്നു..താന്‍ ചെറുതായിരുന്നപ്പോള്‍ കൊന്നയില്‍ കയറി കാണിക്കാത്ത വികൃതികള്‍ ഇല്ല.... ഇന്നത്‌ എത്രയോ ഉയരത്തില്‍ ചില്ല വീശുന്നു.. ഒരു ചെറിയ പക്ഷി എന്റെ അരികിലൂടെ പരന്നു പോയി..കൂടനയാനുള്ള യാത്ര.. ..

Tuesday, April 1, 2008

പുതുമഴ

ദിക്കുകള്‍ മുഴങ്ങുമാറ്
ഇടിമുഴക്കം
മേഘങ്ങള്‍ കീറിമുറിച്ച്‌
മിന്നല്‍
മണ്ണിന്റെ ഗന്ധവുമായി
പുതുമഴ
ഇലകളില്‍ പവിഴമായി
മഴത്തുള്ളികള്‍
ചിറകു മുളച്ച  ഒരുപറ്റം
ഈയലുകള്‍
ചിറകുകള്‍ കൂട്ടിയുരുമ്മി
ചീവീടുകള്‍
പുതുമഴയ്ക് ഇത്രയും സുഗന്ധമോ ?