Sunday, April 20, 2008

കുറുക്കന്‍




ഒരു വലിയ പറമ്പിന്‍റെ നടുവിലായിരുന്നു അമ്മയുടെ തറവാട്. ഒരുപാടു വലിയ വൃക്ഷങ്ങളുള്ള പറമ്പ്‌.

ഓറഞ്ചുമരങ്ങളും  ഞാവലും കുന്തിരിക്കം അങ്ങനെ പല പല വലിയ ഫലവൃക്ഷാദികൾ.



കിഴക്കുവശത്തു കുറെ മാറി  ഒരു വലിയ എസ്റ്റേറ്റ് ഉണ്ടായിരുന്നു. പത്തേക്കർ എന്നായിരുന്നു അതറിയപ്പെട്ടിരുന്നത്. 

ഒരു തമിഴന്‍റേതായിരുന്നു ആ വലിയ എസ്റ്റേറ്റ്. ഇടയ്ക്കിടെ ഉടമസ്ഥരുടെ മക്കളും ബന്ധുക്കളും വരുമ്പോൾ, വീട്ടിലും വന്നിരുന്നു. കുറെ മസാലക്കൂട്ടുകളും രസപ്പൊടിയും ഒക്കെയായിട്ടായിരുന്നു അവരുടെ വരവ്. ഒരു ഗോപാലനണ്ണാച്ചിയെ ഞാൻ ഇപ്പോളും ഓർക്കുന്നു.  അങ്ങനെയാണ് ആദ്യമായി പലവിധം രസപ്പൊടികളെ പറ്റിയൊക്കെ അറിവ് കിട്ടിയത്. തമിഴ് സിനിമകളിൽ കാണും പോലെ ഹാഫ് സാരിയൊക്കെ ഉടുത്തു തലയിൽ നിറയെ മുല്ലപ്പൂ ചൂടിയ നല്ല സുന്ദരി തമിഴ് പെൺകൊടികൾ

ഒരു പാട് വലിയ വൃക്ഷങ്ങൾ ഉണ്ടായിരുന്നു ആ വലിയ എസ്റ്റേറ്റിൽ. 

ജംഗിൾബുക്കിലൊക്കെ കാണുന്നപോലെ വലിയ വള്ളികൾ ഒക്കെയുള്ള മരങ്ങൾ. 


ഞങ്ങൾ കുട്ടികൾ മുതിർന്നവരുടെ കണ്ണ് വെട്ടിച്ചു അവിടെ പോയി ആ വലിയ വള്ളികളിൽ തൂങ്ങിയാടുമായിരുന്നു. 

കൂടാതെ , സാറ്റ് എന്നറിയപ്പെട്ടിരുന്ന ഒളിച്ചുകളിയ്കും ഞങ്ങളുടെ പ്രിയപ്പെട്ട സ്ഥലം ഈ കാട് പിടിച്ചു കിടന്നിരുന്ന പത്തേക്കർ ആയിരുന്നു.
ഒരുപക്ഷെ  അധികമാർക്കും കിട്ടാത്ത ചില അവസരങ്ങൾ, ചില Nostalgic Moments.

മുള്ളുള്ള വലിയ പഞ്ഞിമരങ്ങളും, കുറെയധികം ഓറഞ്ചുമരങ്ങളും ഞാവലും...
കൂടാതെ കോട്ടിലുങ്ക എന്നവിടെ അറിയപ്പെട്ടിരുന്ന ബദാo പോലെയുള്ള ഒരു കായുണ്ടാകുന്ന മരങ്ങൾ. 
ഈ കായുടെ കട്ടിയുള്ള പുറന്തോട് പൊട്ടിച്ചു അകത്തെ വിത്ത് കഴിക്കാൻ നല്ല രുചിയായിരുന്നു.  (I think it was a wild variety of almond).

ഇടയ്ക്കിടെ അരുവികളും നീർച്ചാലുകളും. അതിമനോഹരമായ, ഭൂപ്രകൃതിയുള്ള  ഒരു സ്ഥലം 

ഇടയ്ക്കിടെ, ഈ വലിയ ഏലത്തോട്ടത്തിൽ,  തമിഴർ പണിയെടുക്കുന്നതും ഏലക്ക വിളവെടുക്കുന്നതും കാണാം. 

ആ പരിസരത്തുള്ള നാല്കാലികൾ ഉള്ള മിക്ക ആൾക്കാരും പുല്ലുപറിക്കാൻ പോയിരുന്നത് അവിടെയാണ്. ഇടയ്ക്കിടെ തലയിൽ വലിയപുല്ലുകെട്ടുകളുമായി നിരയായി പോകുന്ന കുറെയധികം ചേച്ചിമാർ. 

അവധി ആഘോഷിക്കുവാൻ എത്തുന്ന ഞങ്ങൾ കുട്ടികൾക്ക് ഇതൊക്കെ  വലിയ കൗതുകമായിരുന്നു
ഇന്നതില്ല...എല്ലാം പലർക്കായി വിറ്റുപോയിരിക്കുന്നു. 



മിക്ക ദിവസങ്ങളിലും രാത്രിയാവുമ്പോള്‍ അവിടെനിന്നും കുറുക്കന്‍റെ ഓരിയിടല്‍ കേള്‍ക്കാം.

അതിന്‍റെ ബാക്കിയെന്നവണ്ണം കോഴിക്കൂട്ടില്‍ നിന്നും കോഴികളുടെ ദീനരോദനവും..... 


പണ്ട്‌ മഹാ പെടിത്തൊണ്ടിയായിരുന്ന താനപ്പോള്‍ കുഞ്ഞമ്മയെ മുറുകെപ്പിടിച്ച്‌ കിടക്കുന്നുണ്ടാവും.



കുറെയധികം കോഴികൾ ഉണ്ടായിരുന്നു വീട്ടിൽ. പലതരം, ഓരോന്നിനെയും ഓരോരുത്തർ ഓമനിച്ചു വളർത്തുന്നവ. 

കോഴിക്കൂട്ടില്‍, ദിനംപ്രതി കോഴികളുടെ എണ്ണം കുറഞ്ഞുകൊന്ടേയിരുന്നു.
ഓരോരുത്തരുടെയും പ്രിയപ്പെട്ടവര്‍ നഷ്ടപ്പെട്ടുകൊണ്ടിരുന്നു .

പക്ഷെ എനിക്ക് സങ്കടം ഒന്നും തോന്നിയില്ല. കാരണം പണ്ടു മഹാ കുറുമ്പിയായിരുന്ന തനിക്ക് കോഴികളെ കണ്ടുകൂടായിരുന്നു .


അങ്ങനെ നല്ല തണുപ്പുള്ള ഒരു രാത്രി, കറന്‍റും ഇല്ലായിരുന്നു.

നേരത്തെ പുതച്ചുമൂടി ഉറങ്ങിയ ഞാൻ പിന്നെ ഉണരുന്നത് കോഴികളുടെ കരച്ചില്‍ കേട്ടുകൊണ്ടാണ്‌. 

കുട്ടിമാമാ ഞാൻ ഞെട്ടി മാമ എന്ന് പറഞ്ഞപോലെ, ഞെട്ടി  ഉണർന്ന കുഞ്ഞമ്മ അതാ ചാടി എണീക്കുന്നു 

മഹാ പേടിത്തൊണ്ടിയായിരുന്ന ഞാന്‍ വിടുമോ? 

പുതപ്പു സഹിതം ചാടി കുഞ്ഞമ്മയുടെ പുറത്തുകയറി.

പാവം വിടുവിപ്പിക്കാന്‍ കുറെ ശ്രമിച്ചു. ഞാന്‍ വിടുമോ? അളളിപ്പിടിച്ചിരിപ്പാണ്.

ഇവളെ വിടീപ്പിക്കാന്‍ പറ്റില്ലന്നു മനസ്സിലായിട്ടാവണം പാവം എന്നെയും കൊണ്ടു ഓടാന്‍ തുടങ്ങി.


ഇടനാഴിയും പത്തായപ്പുരയും ഇരുട്ടുമുറിയും കടന്നു പുറത്തെയ്ക്.

ഇരുട്ടുമുറി എന്നറിയപ്പെടുന്ന കലവറയുടെ വാതില്‍ തുറന്നാല്‍ കോഴിക്കൂടിരിക്കുന്ന സ്ഥലമായി. എന്താണെന്നറിയില്ല. ആ മുറിയിൽ എപ്പോളും ഇരുട്ടായിരുന്നു. 


ഞങ്ങൾ കുട്ടികൾക്ക് എന്തോ ഒരു പേടിയായിരുന്നു ആ റൂമിൽ കയറുവാൻ. (വളരെ ചെറുപ്പത്തിൽ, ഒരു അവധിക്കാലത്ത്, അക്ഷരം പഠിപ്പിക്കാൻ വന്ന ആശാനേ പേടിച്ചു ആ റൂമിൽ കയറി ഒളിച്ചിട്ടുണ്ട് ഞാൻ. വാതിൽ വലിച്ചടച്ചു ചെറുവിരൽ മുറിഞ്ഞതും ഒരു സുഖമുള്ള ഓർമയാണ് :).


ഇത്രയും ദൂരം എന്നെ പുറത്തേറ്റി ഓടിയിട്ടും ഞാൻ പിടി വിടുന്നില്ല, വിടാതെ പിടിച്ച്ചിരിക്കുകയാണ്...


അവിടെ ചെന്നപ്പോള്‍ ഉത്സവപറമ്പുപോലെ ഒരാള്‍ക്കൂട്ടം.
അമ്മാവന്‍മാരും കസിന്‍സും എല്ലാവരും ഉണ്ട്.
എല്ലാവരുടെയും കൈകളില്‍ വലിയ വടികളും...

ചത്തുകിടക്കുന്ന കുറുക്കനെ പ്രതീക്ഷിച്ച എനിക്ക് വലിയ നിരാശ തോന്നി.

എന്നെയും വഹിച്ചു കുഞ്ഞമ്മ  അന്തം വിട്ടു നില്‍ക്കുകയാണ്‌.ആടു കിടന്നിടത്ത്‌ പൂട പോലും ഇല്ല.



ബഹളം കേട്ട കുറുക്കന്‍ എപ്പോളേ സ്ഥലം കാലിയാക്കി. 
കുഞ്ഞമ്മയുടെ പ്രിയപ്പെട്ട കോഴിയേയും അവന്‍ കൂട്ടിനു കൊണ്ടുപോയത്രേ ..
പിന്നെ കൂട്ടച്ചിരിയായിരുന്നു.
കാരണം മറ്റൊന്നുമല്ല.
വലിയ കമ്പിളിപുതപ്പ് സഹിതം കുഞ്ഞമ്മയുടെ പുറത്തു താന്‍.

5 comments:

Unknown said...

പാവം കുറുക്കന്‍ വേണ്ടായിരുന്നു. മീനു

Unknown said...

മീനു പാവം കുറുക്കന്‍

ശ്രീ said...

രസകരമായ ഒരു ഓര്‍മ്മക്കുറിപ്പ്.
:)

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഗൊള്ളാം കെട്ടൊ രസമരമായിരുന്നു.

ഹരീഷ് തൊടുപുഴ said...

കൊള്ളാം മീനു, മീനുന്റെ ധൈര്യം സമ്മതിച്ചുത്തന്നിരിക്കുന്നു...keep it up...