Tuesday, July 21, 2009

ഒരു അന്വേഷണത്തിന്റെ കഥ

ഇതു ശരിക്കും സംഭവിച്ചതാണ് കേട്ടോ, ഇപ്പോളെങ്ങും അല്ല. ഏതാണ്ട് 10-12 വര്‍ഷങ്ങള്‍ക്കു മുന്പ് നടന്നതാണ് ...


കുട്ടികള്‍ ക്രിക്കറ്റ് കളിയില്‍ മുഴുകിയിരിക്കുകയാണ്, സിക്സറും ഫോറും. എന്താണ് ആവേശം, ഇന്ത്യ ലോകകപ്പ് നേടിയപ്പോള്‍ പോലും ഇത്രയും ബഹളം ഉണ്ടായിരിക്കില്ല.


എല്ലാവരും ഏകദേശം 8-10 വയസ്സ് പ്രായം വരുന്നവരാണ്. കൂട്ടത്തിൽ  എന്റെ കസിന്‍ ബ്രദര്‍ ഉണ്ട്. എന്റെ അനിയന്റെ അതെ പ്രായമാണ് അവനും (8 വയസ്സ്). അവനെ തത്കാലം അപ്പൂസ് എന്ന് വിളിക്കാം.


പന്ത് തലങ്ങും വിലങ്ങും പറക്കുന്നു, കുട്ടികള്‍ ആഹ്ളാദകൊടുമുടിയില്‍ തിമിര്‍ക്കുന്നു. ഒരു അലര്‍ച്ച കേട്ടത് പെട്ടെന്നാണ്.
കുട്ടികള്‍ അടിച്ചു പറപ്പിച്ച പന്ത് സിക്സര്‍ ആയി ചെന്നു പതിച്ചത് പറമ്പില്‍ കിളച്ചു കൊണ്ടിരുന്ന ഒരു  ചേട്ടന്റെ തലയില്‍ ...


ചീത്തവിളി. വീട്ടിൽ പറയും എന്ന ഭീഷണിയും.  എന്റെ അനിയന്റെ (കസിന്‍) മുഖം ഇഞ്ചി കടിച്ച കുരങ്ങന്റെ മാതിരി. കാരണം അവന്റെ പന്താണല്ലോ സിക്സർ ആയി പറന്നത്.


പിന്നെ കണ്ടത് ഉറക്കെ ചീത്ത വിളിച്ചു കൊണ്ടു വീട് ലക്ഷ്യമാക്കി പോകുന്ന ചേട്ടനെ ആണ് ..ഇനി എന്തെങ്കിലും പ്രതീക്ഷിക്കാം..(സത്യം പറയാല്ലോ ആ ചേട്ടന് അത്ര വേദനിച്ചു എന്നൊന്നും തോന്നുന്നിലാ ...ഒന്നാമതു റബ്ബര്‍ പന്ത്..ആ ഇനി ആര്‍ക്കറിയാം) എന്തായാലും ചേട്ടനൊരു ഷിപ്രകോപി ആണ് ..കൂടാതെ സദാ സമയവും കുട്ടികളെ ചീത്ത വിളിക്കുകയും ചെയ്യും


എടാ...ഒരു അലര്‍ച്ച കേട്ട് അവന്റെ കാറ്റു പോയെന്ന് തോന്നുന്നു....പതുക്കെ പതുക്കെ വിളറി വെളുത്ത മുഖവുമായി പേരപ്പന്റെ അരികിലേയ്ക്ക് ...പതിവു പോലെ കയ്യില്‍ ചൂരല്‍ ..
അമ്മേ ചൂരല്‍ കഷായം ഉറപ്പ് ... വളിച്ച മുഖവുമായി തല ലേശം പാളി നോക്കി ...ചേച്ചിമാരോ അമ്മയോ വല്ലവരും ഹെല്‍പിനുണ്ടോ ?

രക്ഷയില്ല ...


ഒന്നൂടെ പാളി നോക്കി ..

കൂട്ടുകക്ഷികള്‍ ആരെങ്കിലും ..

.ഹ്മ്മം ..എല്ലാം ഒരു തെങ്ങിന്റെ പുറകില്‍ പമ്മി നില്ക്കുന്നു ..
കൊള്ളാം


പിന്നെ പറയണ്ടല്ലോ ചൂരല്‍ കഷായം !!!!!



ഇനി ഇതിന്റെ ബാക്കി പത്രം

രാത്രി സമയം ഏതാണ്ട് 2-3 ആയിട്ടുണ്ടാവണം. വാതിലില്‍ ആരോ മുട്ടുന്ന ശബ്ദം കേട്ടാണ്‌ കണ്ണ് തുറന്നത്. ഭഗവാനെ വല്ല കള്ളന്മാരും ഒന്നാമതേ  കൊള്ളക്കാരുടെ ശല്യമുള്ള കാലമാണ്. പക്ഷെ എല്ലാ ഭയത്തെയും അസ്ഥാനത്താക്കി വിളി വന്നു. കൊച്ചച്ച്ചനാണ്. കൂടെ ഒന്ന് രണ്ടു പേരും . 


സംഭവം മറ്റൊന്നുമല്ല മുന്പേ പറഞ്ഞ കക്ഷി "അപ്പൂസ് " അവനെ കാണാനിലാത്രേ. നിന്നു വിയര്‍ത്തു പോയി. (അന്ന് മൊബൈൽ ഫോൺ ഒന്നുമില്ല, ഉള്ള ലാൻഡ്‌ലൈൻ ആണെങ്കിലാവട്ടെ കാറ്റടിച്ചാൽ പിന്നെ അനങ്ങാതാവും. കാറ്റത്ത്‌ മരച്ചില്ല  വീണതിനാല്‍ ഞങ്ങളുടെ ഭാഗതേയ്ക്കു ഉള്ള ഫോണൊക്കെ മൌനവ്രതമെടുക്കുന്ന സമയം.) എന്റെ വീട്ടില്‍ നിന്നും രണ്ടു കിലോമീറ്റര്‍ എങ്കിലും ദൂരം ഉണ്ട് അപ്പൂസിന്റെ വീട്ടിലേയ്ക്ക്‌. കാണാഞ്ഞപ്പോള്‍ അന്വേഷിച്ചിറങ്ങിയതാണത്രേ. എല്ലായിടവും തപ്പി, ഇനി ഇവിടെയും കൂടിയേ ഉള്ളൂ ബന്ധു വീടുകളില്‍ അന്വേഷിക്കാന്‍.


കേട്ടപാടെ പപ്പയും ഒരു ടോര്‍ച്ചും എടുത്തുകൊണ്ടു അവരുടെ കൂടെ പോയി. ഞാനാണെങ്കില്‍ സകല ദൈവങ്ങളെയും വിളിക്കുകയാണ്‌. എന്റെ അനിയന്‍ ആണെങ്കില്‍ ഒന്നും മിണ്ടുന്നില്ല. വിഷമിചിരിക്കുകയാണ്. വിഷമിച്ചിരിക്കുകയാണ്. അവർ സ്കൂളിലും ഒരു ക്ലാസ്സിലായതു കാരണം നല്ല അടുപ്പമായിരുന്നു.


സമയം കടന്നു പോകുന്നു. വിവരം അറിയാത്തതിന്റെ ആധി ഒരു വശത്ത് ..


ഇനി അന്വേഷണത്തിന്റെ വഴികളിലേയ്ക്ക് ...

അപ്പൂസിന്റെ കളി നടന്ന സമയം ഏതാണ്ട് വൈകിട്ട് അഞ്ചു മണി. അപ്പോള്‍ അത് കഴിഞ്ഞു ഏതൊക്കെ ബസുകള്‍ ആ വഴി പോയി എന്നായിരുന്നു ആദ്യ അന്വേഷണം. 

ഒരു ബാംഗ്ലൂര്‍ ബസും ചെന്നൈ ബസും അവിടുന്ന് പോയിട്ടുണ്ട് .
പിന്നെ ആ വഴി പാസ് ചെയ്യുന്ന കുറെ ബസുകളും ..
കുറെ പേര് ഈ ബസുകളെ ചുറ്റിപ്പറ്റി ആയി അന്വേഷണം 


junction -ഇല്‍ ഉണ്ടായിരുന്ന സകല ടാക്സി കളും ഈ പറയുന്ന ബസുകളുടെ യൊക്കെ പുറകെ പോയിട്ടുണ്ട്..പോലീസില്‍ ഇതുവരെ complaint ചെയ്തിട്ടില്ല ..



പേരപ്പന്റെ മുഖത്ത് ആര്ക്കും നോക്കാനാവാത്ത അവസ്ഥ ..പാവം ഒന്നും മിണ്ടുന്നില്ല ..അതിനിടയില്‍ ആരോ പറഞ്ഞു അതുവഴിപോയ തമിഴ്‌നാട് റോഡ്‌ ട്രാന്‍സ്പോര്ടിന്റെ ബസില്‍ അവനെപോലെ ഒരാള്‍ കയറുന്ന കണ്ടത്രെ ..പിന്നെ അതിന്റെ പുറകെയായി കുറെ ആള്‍ക്കാര്‍ ...


അപ്പോളേയ്ക്കും ആരൊക്കെയോ പുറകെ നടന്നു ടെലിഫോണ്‍ lines ശരിയാക്കി .. ബാംഗ്ലൂര്‍ ബസിലും ചെന്നൈ ബസിലും ഒന്നും അപ്പൂസ് കയറിയിട്ടില്ല. പിന്നെ എവിടെ പോയി. എല്ലാവര്ക്കും ആധിയായി..പേരപ്പന്‍ ഇപ്പോള്‍ വീണു പോകും എന്നപോലെ..പേരമ്മയുടെ കാര്യം പറയുകയും വേണ്ട ..



യൂക്കാലി മരങ്ങള്‍ തിങ്ങി നിറഞ്ഞ ഒരു സ്ഥലമുണ്ട് അപ്പൂസിന്റെ വീടിന്റെ സമീപം ..പിന്നെ പേരപ്പനും എന്റെ പപ്പയും പിന്നെ കുറെ നാട്ടുകാരും കൂടി അവിടെ തപ്പാന്‍ തുടങ്ങി ..കസിന്‍ ചേട്ടന്മാരും കൊച്ചച്ചന്മാരും വേറെ വഴിയേ...എല്ലാവരുടെയും ഹൃദയം പടപടാ ഇടിക്കുന്നു. ..

ഒട്ടും സഹിക്കാന്‍ പറ്റാതെ വന്നത് യൂകാലി കാട്ടില്‍ നടന്ന ഒരു സംഭവമാണ്‌ ...അവിടെ ഒരു കാട് പിടിച്ചു കിടക്കുന്ന കുളമുണ്ട്...പപ്പാ നോക്കുമ്പോളുണ്ട് പേരപ്പന്‍ ഒരു വലിയ ഒരു മരകഷണം എടുത്തു വെള്ളത്തില്‍ കുത്തിനോക്കുന്നു ..എല്ലാവരുടെയും ചങ്കു തകരുന്ന അവസ്ഥ    

പിന്നെ പേരപ്പന്‍ ഒറ്റ കരച്ചിലായിരുന്നു " പിന്നെ എവിടെ പോയെടാ എന്റെ മോന്‍ ...അവനെ ഞാന്‍ കുറെ തല്ലി .. അത് നേരാ ..പക്ഷെ അവനോടു സ്നേഹമില്ലാഞ്ഞിട്ടല്ലല്ലോ ??"



എങ്ങുമില്ല ..പിന്നെ അപ്പൂസ് എവിടെ പോയി...ഇനി വല്ല വരും ?



അപ്പോളേയ്ക്കും നേരം വെളുക്കാന്‍ തുടങ്ങി...ഞങ്ങളും വെപ്രാളപ്പെട്ട് അപ്പൂസിന്റെ വീട്ടിലെത്തി ..അന്വേഷിക്കാന്‍ കൂടിയവരും എല്ലാവരും ഉണ്ട് ..പേരമ്മ വലിയ വായില്‍ നിലവിളിക്കുന്നു ...



"ഇനി നോക്കിയിട്ട് കാര്യമില്ല നമുക്കു പോലീസില്‍ പരാതി കൊടുക്കാം ." തല മുതിര്ന്ന ആരുടെയോ നിര്‍ദേശം...



എലാവരും കൂടി പേരപ്പനെ സമാധാനിപ്പിച്ചു പോലീസില്‍ പരാതി കൊടുക്കാമെന്നു സമ്മതിപ്പിച്ചു ഇറങ്ങാന്‍ തുടങ്ങുമ്പോള്‍

അതാ ഒരാള്‍ കണ്ണൊക്കെ തിരുമ്മി വരുന്നു. വേറാരും അല്ല നമ്മുടെ "അപ്പൂസ്" ...ആള്‍ക്കൂട്ടം കണ്ടു ഭയന്നിട്ടുണ്ട്‌ ....ഇപ്പോള്‍ കരയും എണ്ണ അവസ്ഥ ..


ഈശ്വരാ ..എന്താ പറയുക ..എരിതീയില്‍ പച്ച വെള്ളം കോരി ഒഴിച്ച്ചാലത്ത്തെ അവസ്ഥ ...പിന്നെ പറയണോ?


ഇനി സംഭവിച്ചത്

അടി കിട്ടിയ പിണക്കത്തില്‍ റൂമില്‍ പോയി കിടന്നപ്പോളാണ് ഷെല്‍ഫില്‍ തലേന്ന് ആരോ കൊണ്ടു കൊടുത്ത നല്ല pure തേന്‍ ഇരിക്കുന്നത് കണ്ടത് ..കുറച്ചെടുത്ത് ടേസ്റ്റ് ചെയ്തപ്പോള്‍ നല്ല ടേസ്റ്റ് ..പിന്നെ ടേസ്റ്റ് ചെയ്തു ചെയ്തു ആശാന്‍ കുറെ അകത്താക്കി. അത് കഴിഞ്ഞപ്പോള്‍ വീണ്ടും അടിയുടെ കാര്യം ഓര്‍ത്ത അപ്പൂസ് ഒരു ബാലരമയൊക്കെ എടുത്തു പറമ്പിലേയ്ക്ക് ഇറങ്ങി .. കാപ്പിത്തോട്ടത്തില്‍ ഒരു കാപ്പി ചെടിയില്‍ കയറി ഇരുന്നു ആശാന്‍ സുഖമായി വായനയില്‍ മുഴുകി.. ...തേനിന്റെ effect ആണോ എന്തോ? ..സമയം കുറെ കഴിഞ്ഞപ്പോള്‍ പാവം കാപ്പി ചെടിയുടെ ശിഖരങ്ങളില്‍ ചാരിയിരുന്നു ഉറങ്ങിപ്പോയി ..അപ്പൂസിനു അന്ന് പറഞ്ഞാല്‍ മനസ്സിലാവില്ലല്ലോ ഞങ്ങളനുഭവിച്ചത് ...

(പിന്നെയും വർഷങ്ങൾ കഴിഞ്ഞു. കോശങ്ങളെ കാർന്നു തിന്നുന്ന രോഗം അവേനയും ബാധിച്ചു. ഇപ്പോൾ വേദനയില്ലാത്ത ലോകത്തു മാലാഖമാരോട് കൂട്ടുകൂടി ഭൂമിയിൽ നടക്കുന്നതൊക്കെ കണ്ടു ആസ്വദിക്കുന്നുണ്ടാവും ഞങ്ങളുടെ സ്വന്തം അപ്പൂസ്‌)