Tuesday, September 29, 2020

അപ്പൂപ്പൻതാടി

ഒരു മഴത്തുള്ളിയിൽ ജീവന്റെ തുടിപ്പായി,
ഉണർന്നു ഞാൻ കൺചിമ്മി മേലെ നോക്കി.
കുളിരുന്ന പുലരിയിൽ തളിരിലകളും,
ഇലകളില്‍ പവിഴമായി മഴത്തുള്ളിയും
നാമ്പുകൾ താഴ്ത്തിയ പുൽച്ചെടികളും
മഞ്ഞുതുള്ളികൾ പൊടിയുന്ന ചെറുപൂക്കളും

പൊഴിയുന്ന മഞ്ഞിന്റെ ഇളം കുളിരിലും    
കലപില ചിലയ്ക്കുന്ന പൈങ്കിളികൾ  
തേൻ നുകരും ചെറു ശലഭങ്ങളും
ചെറുചിറകുകളാൽ മുരളുന്ന ഭ്രമരങ്ങളും
കൂടെ പറക്കുവാൻ മോഹമായി,പക്ഷെ
ചിറകുകളില്ലാതെ എങ്ങനെയോ

ചെറുനാമ്പുകൾ വളരുന്നു, പൂമൊട്ടുകളായ്,
വിടരുവാൻ വെമ്പി ഞാൻ കാത്തിരിപ്പാ
യ്   
ഒരു കുഞ്ഞു പുലരിയിൽ, പൂക്കളായ്, പിന്നെ
കാലയവനികയിൽ ദളങ്ങ
ളടർന്നുപോയി.

ഒരു കുഞ്ഞുചെടിയിൽ ഞാൻ  വിത്തായിരിപ്പായ്
പിന്നെയും പിന്നെയും കാത്തിരിപ്പായ്,
ഒരുനാൾ കുഞ്ഞിചിറകുകൾ കണ്ടു ഞാൻ,
കോരിത്തരിച്ചു പിന്നാഹ്ളാദമായ്.
ഇന്നലെ എന്തെന്നോ, അതിലല്ല ഭാവിയും
നാളെയുടേതാവണം ശുഭപ്രതീക്ഷ

ഒരുകുഞ്ഞു കാറ്റിന്റെ ചെറുതലോടലേറ്റുഞാൻ
അകലെയെങ്ങോട്ടേക്കോ  പറന്നകന്നു
ഒരുകുഞ്ഞു കാറ്റിന്റെ ചെറുതലോടലേറ്റുഞാൻ
അകലെയെങ്ങോട്ടേക്കോ  പറന്നകന്നു
പാറിപ്പറന്നൊരു അപ്പൂപ്പൻതാടിയായി
ദിശയറിയാതെ, വായുവിൽ അലിഞ്ഞലിഞ്ഞു
കാണാത്തകാഴ്ചകൾ അറിയാത്ത പാഠങ്ങൾ  
വീണ്ടും എന്നോ മണ്ണിൽ പുതുജീവനായ്  
പാറിപ്പറന്നൊരു അപ്പൂപ്പൻതാടിയായി
വീണ്ടും മണ്ണിൽ പുതുജീവനായ്



Tuesday, June 16, 2020

ഓലേഞ്ഞാലി കുരുവി...

ചെറിയ ചാറ്റൽ മഴയുള്ള ഒരു സന്ധ്യ. നല്ല മഞ്ഞും. ഏതോ ഒരു പക്ഷിയുടെ വല്ലായ്മയോടുള്ള കരച്ചിൽ. എവിടെ എന്നുള്ള അന്വേഷണം കൊണ്ടെത്തിച്ചത് തുറന്നിട്ട ജനാലപ്പടിയിലാണ്. ഒരു മാടത്ത. ചിറകുകൾ കൂട്ടിപ്പിടിച്ചു തണുത്തു മരവിച്ചു ഒരു കുഞ്ഞു മാടത്തക്കിളി.
ആദ്യമായിട്ടാണ് മാടത്തക്കിളിയെ അടുത്ത് കാണുന്നത്. കൗതുകം കൊണ്ട് ഞാൻ എടുക്കാൻ ശ്രമിച്ചെങ്കിലും മമ്മി തടഞ്ഞു. ചിറകുകൾ മുറിഞ്ഞ വേദന ഉണ്ടായിരുന്നു ആ കുഞ്ഞു മാടത്തയ്ക്ക്.
മമ്മി അതിനെ വളരെയധികം ശ്രദ്ധയോടെ എടുത്തു. മുറിവുകൾ സൂഷ്മതയോടെ നോക്കി എന്തൊക്കെയോ നാടൻ ശുശ്രൂഷകൾ കൊടുത്തു. ചെറിയ തുള്ളികളായി വെള്ളവും ഭക്ഷണവും. സ്നേഹപൂർവമുള്ള പരിചരണത്താൽ ഒന്നു രണ്ടു ദിവസം കൊണ്ട് കുഞ്ഞുമാടത്ത മിടുക്കി/മിടുക്കൻ ആയി. പിന്നെ ചെറിയ ചിറകുകൾ വിടർത്തി അതിന്റെ സ്വാതന്ത്ര്യം ആസ്വദിക്കാനായി പറന്നകന്നു. ഇത് ഏകദേശം മുപ്പതു വർഷങ്ങൾക്കു മുൻപ് നടന്ന കഥ.
വീണ്ടും കഥ ആവർത്തിക്കുന്നു. വീടിന്റെ പിന്നാമ്പുറത്തെ തൊടിയിൽ വെറുതെ സംസാരിച്ചു നിൽക്കുകയായിരുന്നു താരയും മിഥുനും. വൃക്ഷത്തലപ്പുകളിൽ എന്തോ ബഹളവും കിളികളുടെ കലപില ശബ്ദവും കേട്ടാണ് മുകളിലേയ്ക്കു നോക്കിയത്. ഒരു കാക്ക എന്തോ കൊത്തിക്കൊണ്ടു പറക്കുന്നു. ഒരു സംശയം, താരയും പുറകെ പാഞ്ഞു. അയ്യോ ! കൈ വിട്ടു പോയോ? പെട്ടെന്നാണ് ദൂരെ ഒരു മരചില്ലയിൽ നിന്നും എന്തോ താഴെ വീണത്. ഒരു കുഞ്ഞു ഓലേഞ്ഞാലി കുരുവി (Rufous Treepie or Indian Treepie) Dendrocitta vagabunda എന്നാണ് ശാസ്ത്രനാമം).
പുറകെ ചെന്നതിനാലാവും കാക്ക പറന്നകന്നു. ചിറകുകൾ അല്പസ്വൽപ്പം മുറിഞ്ഞിട്ടുണ്ട്. അമ്മക്കിളി വരുമെന്ന പ്രതീക്ഷയിൽ കുറേനേരം കാത്തു. പിന്നെ നോക്കുമ്പോൾ കുഞ്ഞിക്കിളിയുടെ കാലുകളിലൂടെ ഉറുമ്പുകൾ കയറുന്നു. പാവം കിളിക്കുഞ്ഞ്. തന്റെ വിധി അംഗീകരിച്ച പോലെ തലയും താഴ്ത്തി ഇരിക്കുകയാണ്.
പെട്ടെന്നുതന്നെ ഒരു ബ്രഷ് കൊണ്ടു ഉറുമ്പുകളെ തട്ടിമാറ്റി. പിന്നെ സുരക്ഷിതമായി വീടിനകത്തെ കാർഡ്ബോർഡ് കൂട്ടിനുള്ളിൽ.
ഇനി മനുഷ്യസ്പർശനം ഏറ്റാൽ കിളികൾ കൂട്ടത്തിൽ കൂട്ടില്ലേ?
സംശയം കാരണം ഒരു ദിവസം തൊട്ടതേ ഇല്ല. കുഞ്ഞും ഒന്നും കഴിച്ചില്ല. പിറ്റേന്ന് പഴം ഞെരടി കൊടുത്തു. കുറച്ചു വെള്ളവും കൂടി കുടിച്ചപ്പോൾ ആൾ ഉഷാറായി.
പുറത്തു ഇടയ്ക്കിടെ അമ്മക്കിളിയെ കാണാം. കുഞ്ഞിനെ അന്വേഷിച്ചു നടപ്പാണ്. ചിലപ്പോൾ ജനാലയ്ക്കപ്പുറം മരച്ചില്ലയിൽ ചെരിഞ്ഞും ചാഞ്ഞും വീടിനുള്ളിലേയ്ക് നോക്കുന്നുണ്ടാവും. തന്റെ കുഞ്ഞു സുരക്ഷിതമാണോ എന്നാവും.
കാണാനാകും വിധം പലതവണ പുറത്തു കൊണ്ട് വച്ചെങ്കിലും എന്തോ അമ്മക്കിളി അടുത്ത് വന്നതേ ഇല്ല. പക്ഷെ ഇന്ന് വന്നു. അടുത്ത് വന്ന് കൊക്കുകൾ ഉരുമ്മി എന്തൊക്കെയോ സ്നേഹപ്രകടനം. എന്താവും കുഞ്ഞിക്കിളി അമ്മയോടു പറഞ്ഞിട്ടുണ്ടാവുക? കൊണ്ട് പോകും എന്ന് പ്രതീക്ഷിച്ചു. പക്ഷെ, കുറെ അധികം സ്നേഹപ്രകടനങ്ങൾക്കു ശേഷം ആ അമ്മക്കിളി പറന്നു പോയി. ഒരു പക്ഷെ, പറന്നകലാനുള്ള കരുത്തു മുറിവേറ്റ ആ കുഞ്ഞു ചിറകുകൾക്ക് ഉണ്ടാവില്ല.
കുഞ്ഞിക്കിളി കാത്തിരുപ്പ് തുടരുകയാണ്, അമ്മയുടെ സന്ദര്ശനങ്ങൾക്കായി... ചിറകിനു ബലം വെക്കാനായി, വാനിൽ പറന്നു അമ്മയുടെ കൂടെ സന്തോഷത്തോടെ പോകുന്ന ദിവസത്തിനായി.. ഒരു നല്ല നാളെക്കായി...
(വാലറ്റം. ഇന്ന് പിന്നെയും അമ്മക്കുരുവി എത്തി, വീടിനുള്ളിൽ. പക്ഷെ ആരുടെ എങ്കിലും തലവെട്ടം കണ്ടാൽ അമ്മക്കിളി വരില്ല. എന്നിരുന്നാലും മനസ്സിലായിട്ടുണ്ടാവും, കുഞ്ഞിക്കിളി ഇവിടെ സുരക്ഷിതമായ കൈകളിൽ തന്നെ എന്ന്. അമ്മേ എന്നെ ഇവർ പൊന്നു പോലെ നോക്കുന്നുണ്ട് എന്നാവുമോ കുഞ്ഞിക്കിളി പറഞ്ഞിട്ടുണ്ടാവുക ?  🥰😍)
"ഓലഞ്ഞാലി കുരുവി ഇളം കാറ്റിലാടി വരൂ നീ
കൂട്ടുകൂടി കിണുങ്ങി മിഴിപ്പീലി മെല്ലെ തഴുകീ
....................................................... " ( Song Courtesy@1983 movie)

Nest for the small baby bird (Indian treepie), injured by the crow. Made by my brother Midhun V Mavarayil and Tara G Menon, till heal the wound, strengthen his/her wings and can fly to the sky.

 കുഞ്ഞിക്കിളിയ്ക്കായി ഉണ്ടാക്കിയ കിളിക്കൂട്



                                                       കുഞ്ഞിക്കിളി  കിളിക്കൂട്

Picture and video courtesy@Midhun V Mavarayil and Tara G Menon. Thank you for the ultimate and extreme patience @midhun and love and care towards the bird..😍

Tuesday, May 26, 2020

Sunday, May 24, 2020

പുളിയാറില

രാവിലെ നല്ല മഴയായിരുന്നു. നല്ല തണുപ്പും. കോറോണക്കാലമായതിനാൽ മാനസികമായി ഒരു ഒറ്റപ്പെടലും ഉണ്ടായിരുന്നു. വീട്ടുകാരെല്ലാവരും നാട്ടിൽ. അവധിദിവസം ആയതിനാലും ഒറ്റപ്പെടൽ വല്ലാണ്ട് തോന്നിയതിനാലും കുറച്ചു വെയിൽ വന്നപ്പോൾ പുറത്തേയ്ക്കിറങ്ങി. മാസ്ക് ധരിക്കാതെ ഗേറ്റിനു പുറത്തു പോകാൻ പറ്റാത്തത് മൂലം വീട്ടുമുറ്റത്തുള്ള ചെറിയ പൂന്തോട്ടത്തിൽ ചെടികളെയും ആകാശവും ഒക്കെ നോക്കി അങ്ങനെ ഇരുപ്പായി.

അപ്പോളാണ് ആരാലും ശ്രദ്ധിക്കപ്പെടാതെ ഒരു മൂലയിൽ വളർന്നു നിൽക്കുന്ന പുളിയാറില എന്ന് നാട്ടിൽ അറിയപ്പെടുന്ന ഓക്സാലിസ് എന്ന കൊച്ചു ചെടി ശ്രദ്ധയിൽ പെട്ടത്. ചെറുപ്പത്തിൽ കഞ്ഞിയും കറിയും കളിക്കുമ്പോൾ ഇതൊരു പച്ചക്കറി ആയിരുന്നു ഞങ്ങൾക്ക്. ഒരു ചെറിയ പുളിരസമുള്ള ഈ ചെടിയുടെ തണ്ടും കായ്കളും കഴിച്ചിട്ടും ഉണ്ട്. കായ്കൾ പൊട്ടിച്ചു കളിക്കാൻ  നല്ല രസമായിരുന്നു (ചില നാടുകളിൽ സാലഡ് ആയും കൂടാതെ ചമ്മന്തിയിലും മോര് കറിയിലും വരെ പുളിയാറില ഉപയോഗിക്കാറുണ്ടത്രെ, തോരനും  ചിലർ വെക്കാറുണ്ടത്രെ. ഞാൻ ചെയ്തിട്ടില്ല കേട്ടോ, ചിലപ്പോൾ ഇനി ചെയ്തേക്കാം)


തീരെ ചെറിയതായതിനാൽ  പെട്ടെന്ന് ശ്രദ്ധിക്കില്ല എങ്കിലും വളരെ സുന്ദരമായ പുഷ്പങ്ങളാണ് ഇവയുടേത്. പല നിറങ്ങളിൽ, പല വലുപ്പത്തിൽ. 




Tuesday, May 19, 2020

ഡാന്‍ഡെലിയോന്‍


ജമന്തിയുടെ കുടുംബത്തിൽ പെട്ട ഈ ചെടി നമ്മുടെ വീട്ടുവളപ്പിലും തൊടിയിലും മറ്റും കാണാറുണ്ട്. കളയുടെ ഗണത്തിൽ പെടുത്തിയിരിക്കുന്നതിനാൽ നമ്മൾ അധികം ശ്രദ്ധിക്കില്ല എന്ന് മാത്രo.





Sunday, May 17, 2020

മൈക്രോഗ്രീൻ

ചെറുപയർ - മൈക്രോഗ്രീൻ- തോരൻ 

ലോകമെങ്ങും ലോക്ക്ഡൌൺ. കൊറോണ വൈറസ് വരുത്തിയ വിന.
ഒറ്റപ്പെടലിൽ നിന്നും എല്ലാവരും ഒരുപാട് ഏകാന്തത അനുഭവിക്കുന്നുണ്ടാവും.
എപ്പോളും എന്തെങ്കിലും ചെയ്തോണ്ടിരിക്കുക, അതായിരുന്നു ഏകാന്തത യിൽ നിന്നും രക്ഷപെടാൻ ഞാൻ കണ്ടുപിടിച്ച മാർഗം 
 പണ്ടേ കൃഷി ഇഷ്ടമാണ്. അപ്പോൾ ആണ് യൂട്യൂബിൽ ഒരു വീഡിയോ കണ്ടത്, മൈക്രോഗ്രീൻ.
പിന്നെ അതായി പരിപാടി 

Thursday, May 14, 2020

ആലിപ്പഴം പെറുക്കാൻ ... (The hail)


ക്ര്യത്യമായ ഓർമയില്ല എങ്കിലും തീരെ ചെറിയ പ്രായത്തിലാണ് ആദ്യമായി ആലിപ്പഴം കണ്ട ഓർമ്മ.

പഴയ വീടിന്റെ ജനാലയിലൂടെ ആലിപ്പഴ വീഴ്ച മമ്മിയാണ് കാണിച്ചു തന്നത്.
പിന്നീട് മഴ ആസ്വദിക്കൽ എന്റെ ജീവിതത്തിന്റെ ഒരു ഭാഗമാവുകയായിരുന്നു. 2018 -ൽ പ്രളയത്തിന്റെ ഭീകരത അനുഭവിക്കുന്നത് വരെ.

ഒരുപാട് നാളുകൾക്കു ശേഷം, അതായതു ഏതാണ്ട് 30 ഓളം വർഷങ്ങൾക്കു  ശേഷം വീണ്ടും ഇന്നലെയാണ് ഞാൻ വീണ്ടും ആലിപ്പഴവീഴ്ച്ച അനുഭവിക്കുന്നത്. അതും വേറൊരു രാജ്യത്ത്..


തൂവെള്ള നിറത്തിൽ അവിടവിടെയായി ആലിപ്പഴം

അന്നതൊരു ആവേശം ആയിരുന്നു. കാത്തിരുന്നിട്ടുണ്ട്, ആലിപ്പഴം കാണാൻ. 
ആദ്യമായി ആലിപ്പഴം കാണുന്നതിന് മുൻപ്, എന്റെ വിചാരം കാനമാങ്ങ യാണ് ആലിപ്പഴം എന്നായിരുന്നു. (ഞങ്ങളുടെ നാട്ടിൽ കാട്ടുമാവിൽ ഉണ്ടാകുന്ന തീരെ ചെറിയ മാങ്ങ കാനമാങ്ങ എന്നാണ് അറിയപ്പെട്ടിരുന്നത്. നല്ല കറ  ഉണ്ടാവും, ശരീരഭാഗത്തു പറ്റിയാൽ പൊള്ളുകയും ചെയ്യും. പക്ഷെ നല്ല മധുരമായിരുന്നു)
ആലിപ്പഴ വീഴ്ച ആസ്വദിക്കാൻ നല്ലതുതന്നെ എങ്കിലും ഇതുമൂലം പലസ്ഥലങ്ങളിലും ഒരുപാട് നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. 


പിന്നെയുള്ള ഓര്മ മൈഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന സിനിമ ആണ്..
ആലിപ്പഴം പെറുക്കാന്‍ പീലിക്കുട നിവര്‍ത്തി...
എന്നാലും എന്ത് കാരണത്താലാവും ആലിപ്പഴം എന്ന പേര് വന്നിട്ടുണ്ടാകുക.

Sunday, May 10, 2020

കശുമാവും ഞങ്ങളുടെ കുട്ടിക്കാലവും

കൊറോണ ഭീതിയിൽ ലോകം മുഴുവനും വീട്ടിനുള്ളിൽ ഇരിപ്പാണ്. ആകെയുള്ള ആശ്വാസം സോഷ്യൽ മീഡിയയും, വീട്ടിലേയ്ക്കുള്ള വീഡിയോ കോളുകളും..

ഇപ്പോൾ  വാട്സാപ്പിൽ ഈ ചിത്രങ്ങൾ കിട്ടിയപ്പോൾ പെട്ടെന്ന് മനസ്സ് ബാല്യകാലത്തിലേക്ക് പോയി. പൂത്ത കശുമാവും അതിന്റെ പ്രത്യേക സുഗന്ധവും എന്നും ഒരു നൊസ്റ്റാൾജിയ ആണ്.കുട്ടിക്കാലത്തേയ്ക്കു തിരികെ കൊണ്ടുപോകുന്ന നിറമുള്ള കുറെ ഓർമ്മകൾ.

വീട്ടിൽ കുറെയധികം കശുമാവുകൾ ഉണ്ടായിരുന്നു. നിറയെ ശിഖരങ്ങൾ ഉള്ള വളരെ എളുപ്പത്തിൽ ആർക്കും കയറാവുന്ന കുറെ മരങ്ങൾ. ഞങ്ങളുടെ നാട്ടിൽ കശുവണ്ടിക്ക്, കപ്പലണ്ടി എന്നാണ് പറഞ്ഞിരുന്നത്‌. എല്ലാവരും അങ്ങനെ ആണോ എന്നറിയില്ല. ചിലർ പറങ്കിയണ്ടി എന്നും...പക്ഷെ ഞങ്ങൾ കൂടുതലും കപ്പലണ്ടി എന്ന വാക്ക് ആണ് ഉപയോഗിച്ചിരുന്നത്.

                                               (Courtesy: Midhun)

കശുമാവുകൾ പൂവിട്ട് തുടങ്ങുന്നതു മുതൽ, എല്ലാ ദിവസവും ഉറക്കം ഉണർന്നാൽ ആദ്യപരിപാടി ഈ മരങ്ങളുടെ ചുറ്റിലും ഒരു കറക്കം ആയിരുന്നു. ഒരു പ്രത്യേക സുഗന്ധം ആയിരിക്കും ചുറ്റുപാടും. വൈകിട്ടു സ്കൂൾ വിട്ടുവന്നാലും കറക്കം ഇവിടൊക്കെ തന്നെ. അന്നത്തെ പ്രധാന വിനോദങ്ങളായിരുന്ന സാറ്റുകളി, കഞ്ഞിയും കറിയും, എല്ലാത്തിന്റെയും ലൊക്കേഷൻ ഈ കശുമാവുകളെ ചുറ്റിപ്പറ്റിയായിരുന്നു. കൂടാതെ ചാഞ്ഞു കിടക്കുന്ന കൊമ്പിൽ തൂങ്ങിയാടുക, ഇല്ലാത്ത കലാപരിപാടികൾ നന്നേ കുറവ്. എല്ലാ കുരുത്തക്കേടുകൾക്കും ഞങ്ങൾക്ക് കൂട്ടിന് ബിന്ദുവും രതീഷും ഉണ്ടാവും, അന്നത്തെ കളിക്കൂട്ടുകാർ...

മരം നിറയെ വിടർന്നതും വിടരാറായതും ആയ പൂക്കൾ ഉണ്ടാവും. മൊട്ടുകളും. മരച്ചുവട് നിറയെ കൊഴിഞ്ഞ പൂക്കളും. പൂക്കൾ മാറി കായ് പിടിച്ചു തുടങ്ങിയാൽ പിന്നെ പാവം അവരുടെ കാര്യം കട്ടപ്പൊക. മിക്ക കായ്കളും പാകമാവാറില്ല. ഓരോ സ്റ്റേജിലും അവ ഞങ്ങളുടെ വയറ്റിൽ എത്തിയിരിക്കും. കത്തിയും, കശുമാവിന്റെ കറ കയ്യിൽ പറ്റി പൊള്ളാതിരിക്കാനായി ന്യൂസ്‌പേപ്പറോ അല്ലെങ്കിൽ തുണിക്കഷണമോ കയ്യിൽ കാണും. കറ കയ്യിലാവാതെ, പച്ച കശുവണ്ടി രണ്ടായി പിളർന്ന്, പരിപ്പെടുത്തു കഴിക്കും, ഞാനാണ് മുറിക്കുക. (ചുറ്റും കശുവണ്ടി പരിപ്പ് കിട്ടുന്നതും കാത്ത് അനിയനും കുഞ്ഞനിയത്തിയും ഇരിപ്പുണ്ടാവും.) എന്നാലും കയ്യൊക്കെ മിക്കപ്പോളും പൊള്ളും. ചിലപ്പോൾ ചുണ്ടും. പിന്നെ പപ്പയുടെ കയ്യിൽ നിന്നും വഴക്ക് പേടിച്ചു വെളിച്ചെണ്ണ പ്രയോഗമായിരുന്നു. എന്നിരുന്നാലും പിഞ്ചു കശുവണ്ടിയുടെ രുചി ഒന്ന് വേറെ തന്നെ, ചുട്ട കശുവണ്ടിയുടേതും.

മരം കയറുവാനൊക്കെ അന്നേ ഞങ്ങൾ മിടുക്കരായിരുന്നെങ്കിലും ഒന്നോരണ്ടോ തവണ വീഴാതെ കഷ്ട്ടിച്ചു രക്ഷപെട്ടിട്ടുണ്ട്, കയ്യിലെയും കാലിലെയും തൊലി കുറെ പോയിട്ടുണ്ടെന്ന് മാത്രം. മരത്തിൽ നിറയെ ഉറുമ്പിൻ കൂടുള്ളതിനാൽ, അവരുടെ അതിഥിയെ നന്നായി സൽക്കരിച്ചതിന്റെ ഭാഗമായി ഒരുതവണ മുഖം മുഴുവൻ നീര് വച്ചു കണ്ണ് തുറക്കാൻ പറ്റാത്ത അവസ്ഥ വന്നതും കണ്ണിൽ കറവീണിട്ടു കണ്ണ് കാണാതാകും എന്ന് പേടിച്ചു നിലവിളക്കിനു മുൻപിൽ പോയി കരഞ്ഞു പ്രാർത്ഥിച്ചതും വേറൊരു സുഖമുള്ള ഓർമ്മ 😁

                                                                                                  (Courtesy@Midhun)

                                      (Courtesy@Midhun)

ആയുസ്സുള്ള കുറച്ചു കശുമാങ്ങകൾ അപ്പോളേക്കും നല്ല ചുവപ്പ്, അല്ലെങ്കിൽ മഞ്ഞ നിറങ്ങളിൽ മൂത്തു പഴുത്തു പാകമായിട്ടുണ്ടാവും. അത് ഉപ്പും കൂട്ടി കഴിക്കൽ ആയിരുന്നു അടുത്ത പ്രധാന വിനോദം. വർഷങ്ങൾ കടന്നു പോയി. ഞങ്ങളുടെ കശുമാവിനും പ്രായമായി. കായ്‌ഫലവും ഇല്ലാതായി. ഇപ്പോൾ ഒരു കശുമാങ്ങ നേരിട്ട് കണ്ടിട്ട് തന്നെ ഒരുപാട് നാളായി. എന്നിരുന്നാലും ഒരു പാലക്കാടൻ ഗ്രാമത്തിൽ നിന്നും ഇപ്പോൾ ഈ ഫോട്ടോ കിട്ടിയപ്പോൾ എന്തോ ഒരു ഭയങ്കര സന്തോഷം...
(പഠിക്കാതെ മടിപിടിച്ചിരുന്ന ഒരു ദിവസം, സ്കൂളിൽ പോകാൻ ഭയങ്കര മടി, ഞാൻ വയ്യായ്ക അഭിനയിച്ചു കിടന്നു, കൂട്ടുകാർ വിളിക്കാൻ വന്നപ്പോൾ പപ്പ -"അവൾക്കു തീരെ വയ്യ, അല്ലെങ്കിൽ രാവിലെ കപ്പലണ്ടി പെറുക്കാൻ പോയേനെ"


                                                      Courtesy@Tara 
നൊസ്റ്റാൾജിയ - പഴയ ഓർമയിൽ വീണ്ടും കപ്പലണ്ടി പൂളുന്ന എന്റെ സഹോദരൻ 

Friday, February 7, 2020

കല്യാണസൌഗന്ധികം

ഒരിക്കൽ അവിചാരിതമായി ലാബില്‍ കല്യാണസൌഗന്ധികം (Hedychium) എന്ന ചെടിയെപ്പറ്റി പറ്റി സംസാരം ഉണ്ടായി

മറ്റൊന്നും കൊണ്ടല്ല പലരും ഇഞ്ചി (Zingiberaceae) ഫാമിലിയില്‍ ഗവേഷണം  ചെയ്യുന്നവരായിരുന്നു. 
അതിനിടയിലാണ് Common ginger lilly അഥവാ Garland flower -എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന കല്യാണസൌഗന്ധികം എന്ന ചെടിയിൽ   എത്തിയത്



കല്യാണസൌഗന്ധികം-വിടരുന്ന മൊട്ടുകൾ 

                                                      കല്യാണസൌഗന്ധികം




പണ്ട് ഭീമൻ ദ്രൗപതി-യ്ക്കു വേണ്ടി കല്യാണസൗഗന്ധികം തേടിപ്പോയ കഥ  മാത്രമല്ല എനിക്കപ്പോൾ ഓർമ്മ വന്നത്.

എന്റെ ജീവിതത്തിലും മറക്കാനാവാത്ത ചില ഓർമ്മകൾ സമ്മാനിച്ചിട്ടുണ്ട് ഈ പുഷ്പവും ചെടിയും. പക്ഷെ അത്ര സുഖമുള്ള ഓർമ്മകൾ അല്ല എന്ന് മാത്രം .

ഒരുപാടു നാളായി മറവിയില്‍ പൂഴ്ന്നു കിടന്നിരുന്ന ചില ഓര്‍മ്മകള്‍.

അമ്മയുടെ തറവാട്ടില്‍നിന്നാണ് അഞ്ചാം ക്ലാസ്സിന്റെ കാല്‍ഭാഗം പഠിച്ചത്.(ഒന്ന് മുതൽ പത്തുവരെ ഏഴു സ്കൂളികളിലായാണ് പഠിത്തം പൂർത്തിയാക്കിയത്). എനിക്കിതിൽ യാതൊരു ബുദ്ധിമുട്ടും തോന്നിയിട്ടില്ല. മാത്രമല്ല ഒരുപാട് ജീവിതാനുഭവങ്ങൾ കിട്ടുകയും ചെയ്തു. 

വലിയ ഒരു ഏലത്തോട്ടത്തിന്റെ നടുവിലായി ഒരു ഒറ്റപ്പെട്ട വലിയ തറവാടായിരുന്നു അമ്മയുടേത്. വീട്ടുമുറ്റത്തു ഒരുപാട് തരം പൂച്ചെടികളും തേനീച്ചക്കൂടുകളും നിറയെ മാതളം കായ്ക്കുന്ന ഒരു മരവും ഉണ്ടായിരുന്നു. മിക്കവാറും പ്രഭാതങ്ങളിൽ വീട്ടുമുറ്റം നിറയെ മാതളത്തിന്റെ അരികൾ  ആയിരിക്കും. വവ്വാലോ മറ്റു കിളികളോ അവിടം സന്ദർശിച്ചതിന്റെയും മാതളം  കഴിച്ചതിന്റെയും ബാക്കിപത്രം . 


വീടിന്റെ കുറച്ചുമാറി ഒരു വലിയ എസ്റ്റേറ്റ് ഉണ്ട്. ഒരുപാട് വലിയ മരങ്ങളുള്ള ആ ഏലക്കാട്ടിൽ നിന്നും ചിലപ്പോളൊക്കെ കുറുക്കന്റെ ഓരിയിടൽ കേൾക്കാംഒരുപാട് ബാല്യകാല സ്മരണകൾ ഈ വലിയ എസ്റ്റേറ്റ് (പത്തേക്കർ എന്നാണ് അവിടെ എല്ലാവരും ഈ സ്ഥലത്തെ പറഞ്ഞിരുന്നത്) തന്നിട്ടുണ്ട്. ചിലതു ഞാൻ നേരത്തെ എഴുതിയിരുന്നു (https://silence-speaking.blogspot.com/2008/04/blog-post_362.html/).  
ബാക്കിയൊക്കെ പിന്നീടൊരിക്കൽ എഴുതാമെന്ന് വിചാരിക്കുന്നു 

സന്ധ്യ മയങ്ങിയാൽ  തറവാടുമുറ്റത്തു ചെടികളോടും പൂക്കളോടും സംസാരിക്കൽ  എന്റെ പതിവ്  വിനോദങ്ങളിൽ ഒന്നായിരുന്നു . കൂടാതെ വിടരാൻ തുടങ്ങുന്ന പാരിജാതപ്പൂക്കൾ പറിച്ചു കളയുക. തൂത്തു വൃത്തിയാക്കി ഇട്ടിരിക്കുന്ന കൽപ്പടവുകൾ നിറയെ പൂക്കൾ വിതറിയിടുക. വിടരാൻ വെമ്പി നിൽക്കുന്ന റോസാപ്പൂ മൊട്ടുകൾ പിച്ചി ഏലക്ക ഉണങ്ങുന്ന സ്റ്റോറിൽ, ഏലക്കയോടൊപ്പം കൊണ്ടിടുക , തുടങ്ങിയ പല കുരുത്തക്കേടുകളും ഉണ്ടായിരുന്നു. നല്ല ഒന്നാന്തരം ഒരു കുസൃതി ആയിരുന്നു എന്ന് വേണം പറയാൻ .

ഒരുപാട് പൂച്ചെടികൾ ഉണ്ടായിരുന്നു എങ്കിലും എനിക്ക് ഏറ്റവും കൗതുകം തോന്നിയത് ഇതുവരെ പൂത്തു കാണാത്ത കല്യാണസൗഗന്ധികം കണ്ടപ്പോളായിരുന്നു. വല്യമ്മച്ചിയ്ക് ആ ചെടിയോടു എന്തോ ഒരു സ്നേഹമുണ്ടായിരുന്നു (അമ്മയുടെ അമ്മയെ ഞാൻ വല്യമ്മച്ചി എന്നായിരുന്നു വിളിച്ചിരുന്നത്). 

മിക്ക ദിനങ്ങളിലും അതിനെ പരിപാലിക്കലായി പിന്നെ എന്റെ ജോലി. 

മൊട്ടിടാറായോ  എന്ന് ദിവസവും  പോയി നോക്കും. 

കാത്തു കാത്തിരുന്നു അങ്ങനെ ഒരു ദിവസം അതിൽ ചെറിയ മൊട്ടുകളുണ്ടായി.  

മിക്കദിവസങ്ങളിലും അവിടെ അടുത്തുള്ള ക്ഷേത്രത്തിൽ പോകുന്ന പതിവുണ്ടായിരുന്നു. ഞങ്ങൾ കുട്ടികൾ, കുഞ്ഞമ്മമാർ, എല്ലാവരും കൂടി ഒരു പടയായാണ് പോകാറ്. 

ഞങ്ങൾ കുട്ടികൾക്ക് ആ ക്ഷേത്രത്തിൽ പോകാൻ വലിയ ഇഷ്ടമായിരുന്നു. വേറൊന്നുമല്ല, ദീപാരാധന കഴിയുമ്പോൾ നല്ല ഒരു അടിപൊളി പായസം കിട്ടും, ചെറിയ ഇലകീറുകളിൽ. 

അമ്പലത്തില്‍ ചെല്ലുമ്പോള്‍ മുതല്‍ കണ്ണ് വലിയ ഉരുളിയില്‍ ആയിരിക്കും.നല്ല കട്ടിയുള്ള ശർക്കരപായസം.

നല്ല തൂവെള്ള നിറമുള്ള തലമുടിയുള്ള  ഒരു കുഞ്ഞു മുത്തശ്ശി ആയിരുന്നു  പായസം ഉണ്ടാക്കുന്നത്‌. ആളിക്കത്തുന്ന അടുപ്പിൽ, ഒരു വലിയ ഉരുളിയിൽ  തന്നെക്കാള്‍ വലുപ്പമുള്ള ഒരു ചട്ടുകവുമായി പായസം ഇളക്കി പരുവമാക്കുന്ന ഒരു പാവം മുത്തശ്ശിഎൺപതിനു  മുകളില്‍ പ്രായമുണ്ടെന്നു തീര്‍ച്ച. ഇപ്പോൾ  മുത്തശ്ശി കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിട്ട് എത്രയോ വര്‍ഷങ്ങളാകുന്നു.

അസാമാന്യ രുചിയായിരുന്നു ആ ശർക്കരപായസത്തിന്. ഇപ്പോളും, പായസം കഴിക്കുമ്പോൾ ഞാൻ ആ ചെറിയ അമ്പലത്തിലെ പായസത്തിന്റെ രുചി ഓർക്കാറുണ്ട്, ആ മുത്തശ്ശിയേയും.

ഒരു വൈകുന്നേരം അമ്പലത്തിൽ പോകുവാൻ തുടങ്ങിയപ്പോളാണ് നല്ല തൂവെള്ള നിറത്തിൽ വിടരുവാൻ വെമ്പി നിൽക്കുന്ന വലിയ പൂമൊട്ടുകൾ കണ്ടത്. ചിലതൊക്കെ വിടർന്നു തുടങ്ങിയിരിക്കുന്നു. പിന്നെ കൗതുകമായി.  എന്റെ മനസ്സിലെ കുറുമ്പി ഉണർന്നു. അത് പറിച്ചെടുത്തേ  പറ്റൂ. ആഗ്രഹം നിയന്ത്രിക്കുവാൻ സാധിക്കുന്നില്ല . 


പിന്നെ മുന്നും പിന്നും നോക്കിയില്ല.....പിച്ചിയെടുത്തു.....

അപ്പോളാണ് വല്യമ്മച്ചി അത് കണ്ടത്...പാവം ...സഹിക്കുമോ....

 ആറ്റു നോറ്റിരുന്നു പൂവിട്ടതാണ്. അതും ആദ്യമായി  

കിട്ടി എനിക്കിട്ടു, നല്ല വഴക്ക്. കുറെ വഴക്കു കേട്ടപ്പോൾ ഞാനും വിട്ടില്ല കരഞ്ഞൊന്നും ഇല്ല, അതിന് അഭിമാനം സമ്മതിക്കില്ലല്ലോ.


വാശിയായികയ്യില്‍ ഇരുന്ന പൂമൊട്ടുകള്‍പിച്ചിച്ചീന്തി,വലിച്ചെറിഞ്ഞു.

എനിക്ക് വേണ്ടായെ ...ആരുടെയും പൂവ്........
ഞാന്‍ സ്വന്തമായി നട്ടോളാം...

കൊച്ചു വായില്‍ പിന്നെ വലിയ ഡയലോഗുകള് ആയിരുന്നു....



പിന്നെ മുഖവും വീര്‍പ്പിച്ചൊരു പോക്കായിരുന്നു, അമ്പലത്തിലേയ്ക്ക്.


തിരികെ വന്നിട്ടും ഞാൻ മിണ്ടുന്നില്ല. വല്യമ്മച്ചിക്കു സങ്കടമായിട്ടുണ്ടാവും. കുറെ എന്നെ മിണ്ടിപ്പിക്കാൻ നോക്കി. ഒരു രക്ഷയും ഇല്ല. അത്താഴവും കഴിഞ്ഞു ഞാൻ നേരെ പോയി ഉറങ്ങാൻ കിടന്നു.

പിറ്റേന്ന് സ്കൂളിൽ അത്തപൂക്കളമത്സരം ആയിരുന്നു. ഇറങ്ങാൻ നേരം വല്യമ്മച്ചി മോള് മിട്ടായി വാങ്ങിച്ചോളൂ എന്നും പറഞ്ഞു കുറച്ചു പോക്കറ്റുമണി തന്നു. വാശിക്കാരിയായ ഞാൻ വാങ്ങിയില്ല.

ഞങ്ങൾ കുറെ കൂട്ടുകാർ ഒരുമിച്ചു നടന്നാണ് സ്കൂളിൽ പോയിരുന്നത്. നല്ല രസമുള്ള ഓർമകളാണ് അതെല്ലാം. നന്മയുള്ള കുറെ കൂട്ടുകാരും.  ഇന്നിപ്പോൾ മനുഷ്യമനസ്സിലെ നന്മ എന്നൊക്കെ പറയുന്നത് ഒരു അലങ്കാര വാക്കാണെന്നു തോന്നും. എല്ലാം പ്രഹസനവും പൊങ്ങച്ചവും. സൗഹൃദങ്ങളിൽ പോലും ആത്മാർത്ഥത ഇല്ലാതായിരിക്കുന്നു.

അത്തപൂക്കളമത്സരമൊക്കെ കഴിഞ്ഞു കളിച്ചും കഥകൾ പറഞ്ഞും അന്താക്ഷരി കളിച്ചും തിരിച്ചു വരുമ്പോളാണ്, വീട്ടിൽ ഇടയ്ക്കിടെ വരുന്ന ഒരു ചേച്ചിയെ കണ്ടത്. എന്നെ കണ്ടതും ഒരു ചോദ്യം.

മോളെ വല്യമ്മച്ചിയെ ഹോസ്പിറ്റലിന്നും കൊണ്ടു വന്നോ ?

ഞാൻ ശരിക്കും ഞെട്ടി. കൂടെ ഉണ്ടായിരുന്ന ചേച്ചി എന്തൊക്കെയോ പറഞ്ഞു. 

എന്ത് പറ്റി, എനിക്ക് ഒന്നും മനസിലായില്ല.

വീട്ടിൽ ചെന്നപ്പോൾ കുറേയാളുകൾ, എല്ലാം കഴിഞ്ഞത്രേ, ഒരു നെഞ്ചു വേദന വന്നതാണത്രേ.

ശരിക്കും എനിക്കൊരു ഷോക്ക് ആയിരുന്നു.

ഒന്ന് മിണ്ടാതെ, എന്നാലും ഞാൻ മിണ്ടിയില്ലല്ലോ. വെറും അഞ്ചാം ക്ലാസ്സുകാരിയായിരുന്ന എന്റെ മനസിന് അത് വലിയ ഒരു വേദനയാണ് തന്നത്, കൂടാതെ ഒരു വലിയ പാഠവും.

എന്നിരുന്നാളും ഈ ഒരു സംഭവത്തിന് ശേഷം ആരോടും ഞാൻ പിണങ്ങിയിട്ടില്ല. ഇനി പിണങ്ങിയാലും ഒട്ടും നീണ്ടു നിൽക്കില്ല..

എന്നാലും, ഇപ്പോളും എവിടെയെങ്കിലും കല്യാണസൗഗന്ധികം ചെടി കണ്ടാൽ ഞാൻ പഴയ സംഭവങ്ങളും, പ്രത്യേകിച്ച് എന്റെ വല്യമ്മച്ചിയേയും ഓർക്കും. 

ഒരു ചെറിയ നോവുള്ള, എന്നെ ചില പാഠങ്ങൾ പഠിപ്പിച്ച ഓർമ്മകൾ. 
.