ഒരിക്കൽ അവിചാരിതമായി ലാബില്‍ കല്യാണസൌഗന്ധികം (Hedychium) എന്ന ചെടിയെപ്പറ്റി പറ്റി സംസാരം ഉണ്ടായി.
മറ്റൊന്നും കൊണ്ടല്ല പലരും ഇഞ്ചി (Zingiberaceae) ഫാമിലിയില്‍ ഗവേഷണം ചെയ്യുന്നവരായിരുന്നു.
അതിനിടയിലാണ് Common ginger lilly അഥവാ Garland flower -എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന കല്യാണസൌഗന്ധികം എന്ന ചെടിയിൽ എത്തിയത്.
കല്യാണസൌഗന്ധികം-വിടരുന്ന മൊട്ടുകൾ
കല്യാണസൌഗന്ധികം
പണ്ട് ഭീമൻ ദ്രൗപതി-യ്ക്കു വേണ്ടി കല്യാണസൗഗന്ധികം തേടിപ്പോയ കഥ മാത്രമല്ല എനിക്കപ്പോൾ ഓർമ്മ വന്നത്.
എന്റെ ജീവിതത്തിലും മറക്കാനാവാത്ത ചില ഓർമ്മകൾ സമ്മാനിച്ചിട്ടുണ്ട് ഈ പുഷ്പവും ചെടിയും. പക്ഷെ അത്ര സുഖമുള്ള ഓർമ്മകൾ അല്ല എന്ന് മാത്രം .
ഒരുപാടു നാളായി മറവിയില്‍ പൂഴ്ന്നു കിടന്നിരുന്ന ചില ഓര്‍മ്മകള്‍.
അമ്മയുടെ തറവാട്ടില്‍നിന്നാണ് അഞ്ചാം ക്ലാസ്സിന്റെ കാല്‍ഭാഗം പഠിച്ചത്.(ഒന്ന് മുതൽ പത്തുവരെ ഏഴു സ്കൂളികളിലായാണ് പഠിത്തം പൂർത്തിയാക്കിയത്). എനിക്കിതിൽ യാതൊരു ബുദ്ധിമുട്ടും തോന്നിയിട്ടില്ല. മാത്രമല്ല ഒരുപാട് ജീവിതാനുഭവങ്ങൾ കിട്ടുകയും ചെയ്തു.
വലിയ ഒരു ഏലത്തോട്ടത്തിന്റെ നടുവിലായി ഒരു ഒറ്റപ്പെട്ട വലിയ തറവാടായിരുന്നു അമ്മയുടേത്. വീട്ടുമുറ്റത്തു ഒരുപാട് തരം പൂച്ചെടികളും തേനീച്ചക്കൂടുകളും നിറയെ മാതളം കായ്ക്കുന്ന ഒരു മരവും ഉണ്ടായിരുന്നു. മിക്കവാറും പ്രഭാതങ്ങളിൽ വീട്ടുമുറ്റം നിറയെ മാതളത്തിന്റെ അരികൾ ആയിരിക്കും. വവ്വാലോ മറ്റു കിളികളോ അവിടം സന്ദർശിച്ചതിന്റെയും മാതളം കഴിച്ചതിന്റെയും ബാക്കിപത്രം .
വീടിന്റെ കുറച്ചുമാറി ഒരു വലിയ എസ്റ്റേറ്റ് ഉണ്ട്. ഒരുപാട് വലിയ മരങ്ങളുള്ള ആ ഏലക്കാട്ടിൽ നിന്നും ചിലപ്പോളൊക്കെ കുറുക്കന്റെ ഓരിയിടൽ കേൾക്കാം. ഒരുപാട് ബാല്യകാല സ്മരണകൾ ഈ വലിയ എസ്റ്റേറ്റ് (പത്തേക്കർ എന്നാണ് അവിടെ എല്ലാവരും ഈ സ്ഥലത്തെ പറഞ്ഞിരുന്നത്) തന്നിട്ടുണ്ട്. ചിലതു ഞാൻ നേരത്തെ എഴുതിയിരുന്നു (https://silence-speaking.blogspot.com/2008/04/blog-post_362.html/).
ബാക്കിയൊക്കെ പിന്നീടൊരിക്കൽ എഴുതാമെന്ന് വിചാരിക്കുന്നു
ഒരുപാട് പൂച്ചെടികൾ ഉണ്ടായിരുന്നു എങ്കിലും എനിക്ക് ഏറ്റവും കൗതുകം തോന്നിയത് ഇതുവരെ പൂത്തു കാണാത്ത കല്യാണസൗഗന്ധികം കണ്ടപ്പോളായിരുന്നു. വല്യമ്മച്ചിയ്ക് ആ ചെടിയോടു എന്തോ ഒരു സ്നേഹമുണ്ടായിരുന്നു (അമ്മയുടെ അമ്മയെ ഞാൻ വല്യമ്മച്ചി എന്നായിരുന്നു വിളിച്ചിരുന്നത്).
മിക്ക ദിനങ്ങളിലും അതിനെ പരിപാലിക്കലായി പിന്നെ എന്റെ ജോലി.
മൊട്ടിടാറായോ എന്ന് ദിവസവും പോയി നോക്കും.
കാത്തു കാത്തിരുന്നു അങ്ങനെ ഒരു ദിവസം അതിൽ ചെറിയ മൊട്ടുകളുണ്ടായി.
മിക്കദിവസങ്ങളിലും അവിടെ അടുത്തുള്ള ക്ഷേത്രത്തിൽ പോകുന്ന പതിവുണ്ടായിരുന്നു. ഞങ്ങൾ കുട്ടികൾ, കുഞ്ഞമ്മമാർ, എല്ലാവരും കൂടി ഒരു പടയായാണ് പോകാറ്.
ഞങ്ങൾ കുട്ടികൾക്ക് ആ ക്ഷേത്രത്തിൽ പോകാൻ വലിയ ഇഷ്ടമായിരുന്നു. വേറൊന്നുമല്ല, ദീപാരാധന കഴിയുമ്പോൾ നല്ല ഒരു അടിപൊളി പായസം കിട്ടും, ചെറിയ ഇലകീറുകളിൽ.
ഞങ്ങൾ കുട്ടികൾക്ക് ആ ക്ഷേത്രത്തിൽ പോകാൻ വലിയ ഇഷ്ടമായിരുന്നു. വേറൊന്നുമല്ല, ദീപാരാധന കഴിയുമ്പോൾ നല്ല ഒരു അടിപൊളി പായസം കിട്ടും, ചെറിയ ഇലകീറുകളിൽ.
അമ്പലത്തില്‍ ചെല്ലുമ്പോള്‍ മുതല്‍ കണ്ണ് വലിയ ഉരുളിയില്‍ ആയിരിക്കും.നല്ല കട്ടിയുള്ള ശർക്കരപായസം.
നല്ല തൂവെള്ള നിറമുള്ള തലമുടിയുള്ള ഒരു കുഞ്ഞു മുത്തശ്ശി ആയിരുന്നു പായസം ഉണ്ടാക്കുന്നത്. ആളിക്കത്തുന്ന അടുപ്പിൽ, ഒരു വലിയ ഉരുളിയിൽ തന്നെക്കാള്‍ വലുപ്പമുള്ള ഒരു ചട്ടുകവുമായി പായസം ഇളക്കി പരുവമാക്കുന്ന ഒരു പാവം മുത്തശ്ശി. എൺപതിനു മുകളില്‍ പ്രായമുണ്ടെന്നു തീര്‍ച്ച. ഇപ്പോൾ മുത്തശ്ശി കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിട്ട് എത്രയോ വര്‍ഷങ്ങളാകുന്നു.
അസാമാന്യ രുചിയായിരുന്നു ആ ശർക്കരപായസത്തിന്. ഇപ്പോളും, പായസം കഴിക്കുമ്പോൾ ഞാൻ ആ ചെറിയ അമ്പലത്തിലെ പായസത്തിന്റെ രുചി ഓർക്കാറുണ്ട്, ആ മുത്തശ്ശിയേയും.
ഒരു വൈകുന്നേരം അമ്പലത്തിൽ പോകുവാൻ തുടങ്ങിയപ്പോളാണ് നല്ല തൂവെള്ള നിറത്തിൽ വിടരുവാൻ വെമ്പി നിൽക്കുന്ന വലിയ പൂമൊട്ടുകൾ കണ്ടത്. ചിലതൊക്കെ വിടർന്നു തുടങ്ങിയിരിക്കുന്നു. പിന്നെ കൗതുകമായി. എന്റെ മനസ്സിലെ കുറുമ്പി ഉണർന്നു. അത് പറിച്ചെടുത്തേ പറ്റൂ. ആഗ്രഹം നിയന്ത്രിക്കുവാൻ സാധിക്കുന്നില്ല .
പിന്നെ മുന്നും പിന്നും നോക്കിയില്ല.....പിച്ചിയെടുത്തു.....
അപ്പോളാണ് വല്യമ്മച്ചി അത് കണ്ടത്...പാവം ...സഹിക്കുമോ....
ആറ്റു നോറ്റിരുന്നു പൂവിട്ടതാണ്. അതും ആദ്യമായി
കിട്ടി എനിക്കിട്ടു, നല്ല വഴക്ക്. കുറെ വഴക്കു കേട്ടപ്പോൾ ഞാനും വിട്ടില്ല കരഞ്ഞൊന്നും ഇല്ല, അതിന് അഭിമാനം സമ്മതിക്കില്ലല്ലോ.
വാശിയായി. കയ്യില്‍ ഇരുന്ന ആ പൂമൊട്ടുകള്‍പിച്ചിച്ചീന്തി,വലിച്ചെറിഞ്ഞു.
എനിക്ക് വേണ്ടായെ ...ആരുടെയും പൂവ്........
ഞാന്‍ സ്വന്തമായി നട്ടോളാം...
കൊച്ചു വായില്‍ പിന്നെ വലിയ ഡയലോഗുകള് ആയിരുന്നു....
പിന്നെ മുഖവും വീര്‍പ്പിച്ചൊരു പോക്കായിരുന്നു, അമ്പലത്തിലേയ്ക്ക്.
തിരികെ വന്നിട്ടും ഞാൻ മിണ്ടുന്നില്ല. വല്യമ്മച്ചിക്കു സങ്കടമായിട്ടുണ്ടാവും. കുറെ എന്നെ മിണ്ടിപ്പിക്കാൻ നോക്കി. ഒരു രക്ഷയും ഇല്ല. അത്താഴവും കഴിഞ്ഞു ഞാൻ നേരെ പോയി ഉറങ്ങാൻ കിടന്നു.
പിറ്റേന്ന് സ്കൂളിൽ അത്തപൂക്കളമത്സരം ആയിരുന്നു. ഇറങ്ങാൻ നേരം വല്യമ്മച്ചി മോള് മിട്ടായി വാങ്ങിച്ചോളൂ എന്നും പറഞ്ഞു കുറച്ചു പോക്കറ്റുമണി തന്നു. വാശിക്കാരിയായ ഞാൻ വാങ്ങിയില്ല.
ഞങ്ങൾ കുറെ കൂട്ടുകാർ ഒരുമിച്ചു നടന്നാണ് സ്കൂളിൽ പോയിരുന്നത്. നല്ല രസമുള്ള ഓർമകളാണ് അതെല്ലാം. നന്മയുള്ള കുറെ കൂട്ടുകാരും. ഇന്നിപ്പോൾ മനുഷ്യമനസ്സിലെ നന്മ എന്നൊക്കെ പറയുന്നത് ഒരു അലങ്കാര വാക്കാണെന്നു തോന്നും. എല്ലാം പ്രഹസനവും പൊങ്ങച്ചവും. സൗഹൃദങ്ങളിൽ പോലും ആത്മാർത്ഥത ഇല്ലാതായിരിക്കുന്നു.
അത്തപൂക്കളമത്സരമൊക്കെ കഴിഞ്ഞു കളിച്ചും കഥകൾ പറഞ്ഞും അന്താക്ഷരി കളിച്ചും തിരിച്ചു വരുമ്പോളാണ്, വീട്ടിൽ ഇടയ്ക്കിടെ വരുന്ന ഒരു ചേച്ചിയെ കണ്ടത്. എന്നെ കണ്ടതും ഒരു ചോദ്യം.
മോളെ വല്യമ്മച്ചിയെ ഹോസ്പിറ്റലിന്നും കൊണ്ടു വന്നോ ?
ഞാൻ ശരിക്കും ഞെട്ടി. കൂടെ ഉണ്ടായിരുന്ന ചേച്ചി എന്തൊക്കെയോ പറഞ്ഞു.
എന്ത് പറ്റി, എനിക്ക് ഒന്നും മനസിലായില്ല.
വീട്ടിൽ ചെന്നപ്പോൾ കുറേയാളുകൾ, എല്ലാം കഴിഞ്ഞത്രേ, ഒരു നെഞ്ചു വേദന വന്നതാണത്രേ.
ശരിക്കും എനിക്കൊരു ഷോക്ക് ആയിരുന്നു.
ഒന്ന് മിണ്ടാതെ, എന്നാലും ഞാൻ മിണ്ടിയില്ലല്ലോ. വെറും അഞ്ചാം ക്ലാസ്സുകാരിയായിരുന്ന എന്റെ മനസിന് അത് വലിയ ഒരു വേദനയാണ് തന്നത്, കൂടാതെ ഒരു വലിയ പാഠവും.
എന്നിരുന്നാളും ഈ ഒരു സംഭവത്തിന് ശേഷം ആരോടും ഞാൻ പിണങ്ങിയിട്ടില്ല. ഇനി പിണങ്ങിയാലും ഒട്ടും നീണ്ടു നിൽക്കില്ല..
എന്നാലും, ഇപ്പോളും എവിടെയെങ്കിലും കല്യാണസൗഗന്ധികം ചെടി കണ്ടാൽ ഞാൻ പഴയ സംഭവങ്ങളും, പ്രത്യേകിച്ച് എന്റെ വല്യമ്മച്ചിയേയും ഓർക്കും.
ഒരു ചെറിയ നോവുള്ള, എന്നെ ചില പാഠങ്ങൾ പഠിപ്പിച്ച ഓർമ്മകൾ.
.
No comments:
Post a Comment